യുകെ മലയാളിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി പ്രിയപ്പെട്ടവര്‍.രണ്ടു വര്‍ഷം മുമ്പ് യുകെയിലെത്തി കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്ന കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഇടമറുക് വേലംകുന്നേല്‍ വീട്ടില്‍ സനല്‍ ആന്റണി ആണ് മരണമടഞ്ഞത്. 41 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെ വീട്ടിനുള്ളില്‍ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും പിന്നാലെ കുഴഞ്ഞു വീഴുകയും ചെയ്തത്.
ഉടന്‍ തന്നെ പാഥമിക ശുശ്രൂഷകള്‍ നല്‍കി ഹെറിഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ ജോസ്മിക്ക് ഹെറിഫോര്‍ഡിലെ ഫീല്‍ഡ് ഫാം കെയര്‍ ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സനല്‍ കുടുംബമായി യുകെയില്‍ എത്തിയത്. തുടര്‍ന്ന് സനലും ഇതേ കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. സോന (12), സേറ (8) എന്നിവരാണ് മക്കള്‍.
സനലിന്റെ മരണത്തില്‍ ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ഹേമ) അനുശോചിച്ചു. സനലിന്റെ കുടുംബം സിറോ മലബാര്‍ സഭയിലെ അംഗങ്ങളാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒപ്പം തന്നെയുണ്ട്.