ബ്രിട്ടനില്‍ തണുപ്പ് കാലത്തിന്റെ ആദ്യ സൂചനകള്‍ വ്യക്തമാകുന്നതിനെട കാലാവസ്ഥ കൂടുതല്‍ മോശമാക്കാന്‍ കൊടുങ്കാറ്റ്. 2 ഇഞ്ച് വരെ അതിശക്തമായ മഴയും, 75 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റും സമ്മാനിക്കാന്‍ ബെഞ്ചമിന്‍ കൊടുങ്കാറ്റാണ് എത്തുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ യാത്രാ ദുരിതവും, വെള്ളപ്പൊക്കവും, പവര്‍കട്ടും, കെട്ടിടങ്ങള്‍ക്ക് കേടുപാടും സംഭവിക്കാന്‍ വഴിയൊരുക്കുന്ന കൊടുങ്കാറ്റ് വ്യാഴാഴ്ചയാണ് വന്നുചേരുന്നത്. സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളും കവര്‍ ചെയ്യുന്ന രണ്ട് മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
വെയില്‍സിലെ ചില ഭാഗങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്. വ്യാഴാഴ്ച വൈകുന്നേര 6 മുതല്‍ രാത്രി 9 വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ 2 ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ മഴ 3.5 ഇഞ്ച് വരെ ഉയരും.
ഈസ്റ്റ് ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ മുതല്‍ സ്‌കാര്‍ബറോ വരെ പ്രദേശങ്ങളില്‍ രാവിലെ 3 മുതല്‍ രാത്രി 11.59 വരെ കാറ്റിനുള്ള മറ്റൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലെ സോമര്‍സെറ്റ്, ഡിവോണ്‍, കോണ്‍വാള്‍, സ്വാന്‍സി, പെംബ്രോക്ഷയര്‍ എന്നിവിടങ്ങളില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 3 വരെ മഞ്ഞ ജാഗ്രത നിലവിലുണ്ട്.
ശക്തമായ കാറ്റുള്ളതിനാല്‍ പരുക്കുകള്‍ ഏല്‍ക്കാനും, ജീവന്‍ അപകടത്തിലാക്കുന്ന തിരകള്‍ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. മുന്നറിയിപ്പില്ലാത്ത പ്രദേശങ്ങളിലും വ്യാഴാഴ്ച മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ചയും ഈ നില തുടരും.