എന്‍എച്ച്എസ് ആശുപത്രികളിലെ വനിതകളുടെ ചേഞ്ചിംഗ് റൂമുകള്‍ സ്വയം വനിതയെന്ന് അവകാശപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡറുകാര്‍ക്കും തുറന്ന് നല്‍കിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിനെതിരെ പല നഴ്‌സുമാരും പരാതികളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും അച്ചടക്കം പഠിപ്പിക്കാനാണ് ഹെല്‍ത്ത് സര്‍വ്വീസ് തയ്യാറായത്. എന്നാല്‍ ഒരു കൂട്ടം നഴ്‌സുമാര്‍ തങ്ങളുടെ പരാതി ഔദ്യോഗികമായി ഉന്നയിച്ചതോടെ കേസ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ മുന്‍പാകെ എത്തിയിരിക്കുകയാണ്.
ഈ കേസിന്റെ വിചാരണ ആരംഭിച്ചതോടെയാണ് നഴ്‌സുമാര്‍ നേരിട്ട അപമാനങ്ങളുടെ കഥകള്‍ പുറത്തുവരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരന്‍ ബോക്‌സര്‍ ഷോര്‍ട്‌സ് മാത്രം അണിഞ്ഞ് പിന്നില്‍ നോക്കിനില്‍ക്കുമ്പോള്‍ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ നിര്‍ബന്ധിതമായത് തന്നെ കരച്ചിലിലും, ഞെട്ടലിലുമാണ് എത്തിച്ചതെന്ന് ഒരു നഴ്‌സ് ട്രിബ്യൂണലില്‍ വ്യക്തമാക്കി.
46-കാരി കാരെണ്‍ ഡാന്‍സണ്‍ ഉല്‍പ്പെടെ ഏഴ് നഴ്‌സുമാരാണ് ഹെല്‍ത്ത് ട്രസ്റ്റിനെതിരെ ലൈംഗിക വിവേചനവും, ലൈംഗിക പീഡനവും ഉന്നയിച്ചിരിക്കുന്നത്. റോസ് ഹെന്‍ഡേഴ്‌സണ്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാരന് തങ്ങളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ അനുമതി നല്‍കിയതാണ് ഇതിന് ഇടയാക്കിയതെന്ന് ഇവര്‍ ആരോപിക്കുന്നു.
പുരുഷനായി ജനിച്ച് സ്വയം സ്ത്രീയായി അവകാശപ്പെടുന്ന വ്യക്തിയാണ് റോസ് ഹെന്‍ഡേഴ്‌സണ്‍. സ്ത്രീയായി ജനിച്ചവരാണ് യഥാര്‍ത്ഥ സ്ത്രീലിംഗത്തില്‍ പെട്ടവരെന്ന് ഏപ്രിലില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ നടപടികളെന്ന് നഴ്‌സുമാര്‍ പരാതിപ്പെടുന്നു.
ആദ്യമായി ഹെന്‍ഡേഴ്‌സണെ കാണുമ്പോള്‍ ഇയാള്‍ പല തവണ വസ്ത്രം മാറുന്നില്ലേയെന്ന് ചോദിച്ചതായി നഴ്‌സ് ഡാന്‍സണ്‍ വ്യക്തമാക്കി. ഇല്ലെന്ന് മറുപടി നല്‍കിയിട്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചതോടെ കരച്ചിലും, ഭയം കൊണ്ട് വിറയലും നേരിട്ടു. ഈ ഘട്ടത്തില്‍ പുച്ഛച്ചിരിയുമായി ഹെന്‍ഡേഴ്‌സണ്‍ അടുത്തുണ്ടായെന്ന് നഴ്‌സ് പറഞ്ഞു.