ബ്രിട്ടീഷ് കുടുംബങ്ങളുടെ ജീവിതം അതിനിര്‍ണ്ണായകമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സാമ്പത്തിക ഞെരുക്കം ശ്വാസം മുട്ടിച്ച് മുന്നേറുകയാണ്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി കുടുംബങ്ങള്‍ ഉയരുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ നിലയിലാണ്. ബജറ്റില്‍ ഇതിലും വലിയ ദുരന്തം സമ്മാനിക്കുമെന്ന ആശങ്കയും ശക്തമാണ്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം പണപ്പെരുപ്പം സെപ്റ്റംബറില്‍ 3.8 ശതമാനത്തില്‍ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ ഇതേ നിലവാരം തുടരുകയാണ്. അനലിസ്റ്റുകള്‍ 4 ശതമാനത്തിലെത്തുമെന്ന് ആശങ്കപ്പെട്ട നിലയേക്കാള്‍ പണപ്പെരുപ്പം കുറഞ്ഞത് ആശ്വാസമായി.
2024 തുടക്കത്തിന് ശേഷം ആദ്യമായാണ് പണപ്പെരുപ്പം ഉയര്‍ന്ന നിലയിലേക്ക് എത്തുന്നത്. സമ്മറിലും സമ്പദ് വ്യവസ്ഥ ഉണര്‍വും, ഊര്‍ജ്ജവും പ്രകടമാക്കിയില്ലെന്നത് ഗവണ്‍മെന്റിന് കനത്ത തിരിച്ചടിയാണ്. ആഗസ്റ്റില്‍ 0.1 ശതമാനം മാത്രം വളര്‍ച്ചയാണ് കൈവരിച്ചത്. ഈ രണ്ട് പ്രശ്‌നങ്ങളും രാജ്യത്തിന് പ്രതിസന്ധിയായി വളരുകയാണ്.
വളര്‍ച്ച താഴ്ന്ന് നില്‍ക്കുന്നതും, വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യുന്നത് കുടുംബങ്ങളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കും. അടുത്ത മാസത്തെ ബജറ്റില്‍ മറ്റൊരു റൗണ്ട് നികുതി വര്‍ദ്ധന കൂടി പൊട്ടിക്കാനുള്ള ഒരുക്കത്തിലാണ് റേച്ചല്‍ റീവ്‌സ്. പെന്‍ഷന്‍ മുതല്‍ സേവിംഗ്‌സിലും, വീടുകളിലും വരെ നികുതി വേട്ട നേരിടേണ്ടി വരുമെന്നാണ് ആശങ്ക.
അതേസമയം പണപ്പെരുപ്പം മൂന്നാം മാസവും സ്തംഭിച്ച് നിന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തിനായി ഉറ്റുനോക്കുകയാണ് വിപണി. പലിശ നിരക്കുകള്‍ ഇനിയും വൈകില്ലെന്നാണ് ഒരു വിഭാഗം കരുതുന്നതെങ്കില്‍ ഇത് നീട്ടിവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു വിഭാഗവും സൂചിപ്പിക്കുന്നു. പലിശ കുറയ്ക്കുന്നതിന് പകരം കൂട്ടാന്‍ ഇടയുണ്ടെന്ന് മറ്റൊരു വിഭാഗം വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.