
















ഹോര്‍ഷം: മലയാളി സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ആഘോഷാരവങ്ങളോടെ വിളിച്ചോതി ഹോര്‍ഷം മലയാളി കമ്മ്യൂണിറ്റി (Malayalee Community of Horsham - MCH) കേരളപ്പിറവി ദിനാഘോഷവും സ്‌പോര്‍ട്‌സ് അവാര്‍ഡ് നിശയും അയല്‍ക്കൂട്ടത്തിന്റെ പത്താം വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു.
2025 നവംബര്‍ 8-ന് ഹോര്‍ഷം സെജോണ്‍സ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഒഡിറ്റോറിയത്തില്‍ നടന്ന വര്‍ണ്ണാഭമായ പരിപാടി ഹോര്‍ഷത്തെ മലയാളി കുടുംബങ്ങളുടെ ഒത്തുചേരല്‍ കൊണ്ട് ശ്രദ്ധേയമായി.

വാര്‍ഷിക ആഘോഷത്തിന് തിരി തെളിയിച്ച് കൊണ്ട് അസോസിയേഷന്‍
പ്രസിഡന്റ് ബിനു കൂട്ടുംങ്കല്‍ സെക്രട്ടറി ടോജോ രാജു എന്നിവര്‍ റോസാ പുഷ്പങ്ങള്‍ നല്‍കികൊണ്ട് 28 അയല്‍കൂട്ടം അംഗങ്ങളെയും വേദിയിലേക്ക് ആനയിച്ച് ആദരിച്ചു.
തുടര്‍ന്ന് അവര്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം പ്രസിഡന്റിനും സെക്രട്ടറിക്കുമൊപ്പം 28 വനിതാ അംഗങ്ങളും ചേര്‍ന്ന് ദീപം തെളിയിച്ച് കലാപരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പരിപാടിയിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊണ്ട് വൈസ് പ്രസിഡന്റ് ജോമോന്‍ കളപ്പുരയ്ക്കല്‍ വേദിയെ അഭിസംബോധന ചെയ്തു. പിന്നീട് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് പ്രസിഡന്റ് ബിനു കൂട്ടുംങ്കല്‍ അധ്യക്ഷ പ്രസംഗം നിര്‍വ്വഹിച്ചു. യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (UUKMA) സൗത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി സാംസണ്‍ പോള്‍ ആശംസാ പ്രസംഗം നടത്തിക്കൊണ്ട് ഹോര്‍ഷം മലയാളി കമ്മ്യൂണിറ്റിയുടെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
അയല്‍ക്കൂട്ടം: 10 വര്‍ഷത്തെ ഓര്‍മ്മകള്‍
അയല്‍ക്കൂട്ടത്തിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ചും പ്രവര്‍ത്തന നാള്‍ വഴികളെക്കുറിച്ചും അംഗമായ ഷൈല ബൈജു വിശദീകരിച്ചു. പ്രതിമാസ യോഗങ്ങള്‍, വിവിധ രാജ്യങ്ങളിലേക്കുള്ള വിനോദയാത്രകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ കാലയളവിലെ പ്രധാന നേട്ടങ്ങളായിരുന്നു. അയല്‍ക്കൂട്ടത്തിന്റെ 10 വര്‍ഷത്തെ ഓര്‍മ്മകളും, എല്ലാ അംഗങ്ങളുടെയും ചിത്രങ്ങളും LED സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് സദസ്സിന് നവ്യാനുഭവമായി.

കായിക മത്സര വിജയികളുടെ ട്രോഫികളും അവാര്‍ഡുകളും നല്‍കി ആദരിച്ച ചടങ്ങിനെ കലാവിരുന്നുകള്‍ കൂടി സമന്വയിപ്പിച്ച്
കേരളത്തിന്റെ രൂപീകരണ ദിനത്തിന്റെ ആഘോഷ പരിപാടികളില്‍
സമന്വയിച്ചപ്പോള്‍ ഹോര്‍ഷമിലെ മലയാളി സമൂഹത്തിന് അതൊരു അവിസ്മരണീയ ഉത്സവ രാവായി മാറി.
ഡാന്‍സ് പെര്‍ഫോമന്‍സ്: ക്രോളിയില്‍ നിന്നുള്ള സി. കമ്പനിയുടെ (C Company) യുടെ കലാപ്രതിഭകള്‍ ചടുലമായ നൃത്തച്ചുവടുകളിലൂടെ താളലയങ്ങളുടെ പുതിയ ആസ്വാദനങ്ങളൊരുക്കി കാണികളെ ആവേശത്തിലാഴ്ത്തി.
തുടര്‍ന്ന് വേദി കീഴടക്കിയ
സംഗീത നിശയില്‍ പ്രശസ്ത ഗായകന്‍ പ്രവീണ്‍ പീറ്ററിന്റെയും ലില്ലി പ്രവീണിന്റേയും നേതൃത്വത്തില്‍ ഒരുക്കിയ സംഗീത വിരുന്ന് കാണികള്‍ക്ക് ഹൃദ്യമായ അനുഭവം പകര്‍ന്നു. പ്രമുഖ ഗായകനും, സൂര്യ സിംഗര്‍ സീസണ്‍ 2 ഫൈനലിസ്റ്റുമായ ഹരിഗോവിന്ദ് സംഗീത നിശയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
പരിപാടിളുടെ സമാപനം കുറിച്ചു കൊണ്ട് സെക്രട്ടറി ടോജോ രാജു, പങ്കെടുത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും, കലാകാരന്മാര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പ്രകാശനം നടത്തി.
എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും വിഭവസമൃദ്ധമായ ഡിന്നര്‍ ഒരുക്കുന്നതില്‍ സംഘടകര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഹൈലൈറ്റായി
വേദിയെ ഇളക്കി മറിച്ച DJ യുടെ അകമ്പടിയോടെ സംഗീത സായാഹ്നത്തിന്
തിരശീല വീണു. വിരുന്നില്‍ പങ്കെടുത്തവര്‍ DJ ക്കൊപ്പം ചുവടു വച്ച് താളമേളങ്ങളില്‍ ലയിച്ച് രാത്രി ഏറെ വൈകിയും ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി.