
















ലിവര്‍പൂള്‍. ലിമയും (ലിവര്‍പൂള്‍ മലയാളി അസ്സോസ്സിയേഷന്‍) ലിവര്‍പൂള്‍ ടൈഗേഴ്‌സും ചേര്‍ന്ന് ഒക്ടോബര്‍ നാലിന് ലിവര്‍പൂളില്‍ സംഘടിപ്പിച്ച വടം വലിയെന്ന കായിക ആവേശത്തെ സമൂഹബോധത്തിന്റെയും കാരുണ്യത്തിന്റെയും ഉജ്ജ്വല ഉദാഹരണമായി ചാരിറ്റിയാക്കി മാറ്റി.

നോസ്ലി ലെഷര്‍ ആന്‍ഡ് കള്‍ച്ചറല്‍ ഹാളില്‍ വച്ച് നടന്ന ''ജോസ് കണ്ണങ്കര മെമ്മോറിയല്‍ ട്രോഫി - ഓള്‍ യു കെ വടംവലി'' മത്സരം, യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ടീമുകളുടെ ആവേശപൂര്‍ണ്ണമായ മത്സരങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
മത്സരത്തില്‍ നിന്നു ലഭിച്ച £750 തുക, ശ്രീ. ജോസ് കണ്ണങ്കരയുടെ ഭാര്യ ശ്രീമതി സൂസന്‍ ജോസ് ലിവര്‍പൂള്‍ ആല്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ക്യാന്‍സര്‍ വാര്‍ഡിന് ചാരിറ്റിയായി നല്‍കി.
ലിമയുടെ സെക്രട്ടറി ആതിര ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി ബ്ലെസന്‍, ടൈഗേഴ്‌സ് ടീം ക്യാപ്റ്റന്‍ ജിസ്‌മോന്‍, ടീം കോര്‍ഡിനേറ്റര്‍ ബിബിന്‍ , ലിമ വൈസ്പ്രസിഡന്റും, ടൈഗേഴ്‌സ് ടീം മാനേജര്‍ ഹരികുമാര്‍ ഗോപാലന്‍ എന്നിവര്‍ തദ്ദവസരത്തില്‍ സന്നിഹിതരായിരുന്നു
''കായികരംഗത്തെ ആവേശം സാമൂഹ്യ സേവനവുമായി ചേര്‍ക്കുമ്പോള്‍ അതിന് ഒരു പ്രത്യേക അര്‍ത്ഥം ലഭിക്കുന്നു. വടംവലി മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളുടെയും സ്‌പോണ്‍സേഴ്സിന്റെയും പിന്തുണയാലാണ് ഈ ചാരിറ്റി പ്രവര്‍ത്തനം വിജയകരമായത്.''
ലിവര്‍പൂളിലെ മലയാളി സമൂഹം കായിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയിലും മുന്നിലാണ് എന്നതിന്റെ മറ്റൊരു തെളിവായി ഈ സംഭാവന മാറിയെന്ന് ശ്രീ. ഹരികുമാര്‍ അഭിപ്രായപ്പെട്ടു