
















ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഒരുക്കമാണെന്നും എന്നാല്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന സീമാഞ്ചല്‍ പ്രദേശത്തിന് പരിഗണന നല്‍കണമെന്നും എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. വികസനം പട്നയിലും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാജ്ഗിറിലും മാത്രമല്ല ഉണ്ടാവേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍മറില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീമാഞ്ചലില്‍ അഞ്ച് സീറ്റുകളില്‍ ഒവൈസിയുടെ പാര്‍ട്ടി വിജയിച്ചിരുന്നു.
'നിതീഷ് കുമാറിന്റെ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ സീമാഞ്ചല്‍ പ്രദേശത്തിന് നീതി ലഭിക്കണം. എത്രകാലം എല്ലാ വികസനവും പട്നയും രാജ്ഗിറും കേന്ദ്രീകരിച്ച് നടപ്പാക്കും? നദി കരകവിഞ്ഞൊഴുകുന്നതിലൂടെ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍, കുടിയേറ്റം, വ്യാപകമായ അഴിമതി എന്നിവയില്‍ സീമാഞ്ചല്‍ ഇപ്പോഴും വലയുകയാണ്. സര്‍ക്കാര്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം '- ഒവൈസി പറഞ്ഞു.
ബിഹാറിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ സീമാഞ്ചല്‍ മുസ്ലിം ഭൂരിപക്ഷ മേഖലയാണ്. സംസ്ഥാനത്ത് വികസനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പ്രദേശമാണിത്. കോശി നദി കരകവിഞ്ഞ് ഒഴുകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ എല്ലാവര്‍ഷവും സീമാഞ്ചല്‍ വാസികള്‍ ദുരിതത്തിലാകാറുണ്ട്.. സീമാഞ്ചലിന്റെ ജനസംഖ്യയില്‍ 80 ശതമാനവും ഗ്രാമീണ മേഖലയിലാണ് താമസിക്കുന്നത്. പ്രദേശത്തെ 24 മണ്ഡലങ്ങളില്‍ 14 സീറ്റുകളും എന്‍ഡിഎ നേടിയപ്പോള്‍, 2020ലെ തെരഞ്ഞെടുപ്പിന് സമാനമായി സീമാഞ്ചലിലെ അഞ്ച് സീറ്റുകള്‍ ഒവൈസിയുടെ പാര്‍ട്ടിയാണ് നേടിയത്. എന്നാല്‍ കഴിഞ്ഞതവണ വിജയിച്ച നാല് എംഎല്‍എമാര്‍ കൂറുമാറി ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു.