
















അധ്യാപകരുടെ മാനസിക പീഡനം മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിവെച്ച് ദില്ലി മെട്രോയ്ക്ക് മുന്നില്‍ ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സെന്റ് കൊളമ്പ സ്‌കൂളിലെ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ മൊഴിയും ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശവും കണക്കിലെടുത്താണ് സ്‌കൂളിന്റെ നടപടി. എന്നാല്‍ നിലവിലുള്ളത് കണ്ണില്‍പൊടിയിടാനുള്ള തന്ത്രമാണെന്നും ഹെഡ്മാസ്റ്ററെയും അധ്യാപകരെയും പിരിച്ചുവിട്ടില്ലെങ്കില്‍ സ്‌കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന നിലപാടിലാണ് കുട്ടിയുടെ രക്ഷിതാക്കള്‍. പ്രശ്‌നങ്ങള്‍ അവസാനിക്കുമ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഇവരെ തിരിച്ചെടുത്തേക്കുമെന്നും രക്ഷിതാക്കള്‍ ഭയക്കുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷൌര്യ പാട്ടിലിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്‌കൂള്‍ ബാഗില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍, സ്‌കൂളില്‍ നിന്നും നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് എഴുതിയിരുന്നു. സ്‌കൂളിലെ പീഡനം കാരണമാണ് കടുംകൈ ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
കഴിഞ്ഞ നവംബര്‍ 18 നാണ് ഷൌര്യ പാട്ടില്‍ ജീവനൊടുക്കിയത്. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ മെട്രോ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്ക് സംഭവിച്ചത് മറ്റൊരു വിദ്യാര്‍ത്ഥിക്കും ഉണ്ടാകാതിരിക്കാന്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു അവന്റെ അവസാനത്തെ ആഗ്രഹം.
പിതാവിന്റെ വാക്കുകളിങ്ങനെ, ഒരു വര്‍ഷത്തോളമായി സ്‌കൂളിലെ അധ്യാപകര്‍ മകനെ പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ശൗര്യയുടെ പിതാവ് പ്രദീപ് പാട്ടീല്‍ ആരോപിച്ചു. ചെറിയ കാര്യങ്ങള്‍ക്ക് പോലും അധ്യാപകര്‍ കുട്ടിയെ നിരന്തരം വഴക്കു പറയുകയും, അപമാനിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത് മൂലം മകന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും അധ്യാപകരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. പരാതി നല്‍കിയതോടെ കുട്ടിയെ പറഞ്ഞുവിടുമെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. മകന്‍ ആത്മഹത്യ ചെയ്ത ദിവസം, സ്റ്റേജിലെ ഡാന്‍സ് പരിശീലനത്തിനിടെ വീണതിനെ തുടര്‍ന്ന് അധ്യാപകര്‍ ശൗര്യയെ വഴക്ക് പറയുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. സ്റ്റേജില്‍ വെച്ച് ശൗര്യ കരഞ്ഞപ്പോള്‍, ഒരു അധ്യാപിക നിനക്ക് എത്ര വേണമെങ്കിലും കരയാം, എനിക്കൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ് കുട്ടിയെ കൂടുതല്‍ വേദനിപ്പിച്ചെന്നും പിതാവ് പറയുന്നു.