
















ഡല്‍ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യയിലേക്കും. 2022ലെ കോയമ്പത്തൂരില്‍ നടന്ന ബോംബ് സ്ഫോടനം, മാംഗളൂരുവിലെ ഓട്ടോറിക്ഷ സ്ഫോടനം എന്നിവയ്ക്ക് പിന്നില്‍ ഒരേ സംഘമാണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സംശയം. 2024ലെ ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനത്തിന് പിന്നിലും ഒരേ ഭീകരര്‍ തന്നെയെന്നാണ് സംശയം. ബെംഗളൂരു സ്വദേശി ഫൈസല്‍ എന്ന സാക്കിര്‍ ഉസ്താദിന് ഈ ആക്രമണവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.
മേല്‍പ്പറഞ്ഞ സ്ഫോടനങ്ങള്‍ക്കും ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനും സമാനതകള്‍ ധാരാളമുണ്ടെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഒരു പ്രധാന കാരണം. ഈ സ്ഫോടനങ്ങള്‍ക്കെല്ലാം സ്ഫോടക വസ്തുവുള്ള വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളില്‍ നിന്നും അമോണിയം നൈട്രേറ്റ് വേര്‍തിരിച്ചെടുത്താണ് സ്ഫോടനത്തിനായി ഐഇഡി നിര്‍മിച്ചത്.
രാമേശ്വരം കഫെ സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു സ്വദേശിയായ എഞ്ചിനീയര്‍ ഫൈസല്‍ എന്ന സാക്കിര്‍ ഉസ്താദിന്റെ ഭീകരവാദ ബന്ധം കണ്ടെത്തിയത്. ഈ ആക്രമണത്തില്‍ ഫൈസലിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. ഇതേ ആള്‍ക്ക് ചെങ്കോട്ട സ്ഫോടനത്തിലും പങ്കുണ്ടെന്നതിന്റെ ചില സൂചനകളാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ പാകിസ്താനിലേക്ക് കടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.