
















വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച 60 വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 45 വയസ്സുകാരന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ ജോഷിന (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇംറാനെ (45) പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളില്‍ നിന്ന് കൊച്ചുമകളുടെ വിവാഹത്തിനായി യു.പിയില്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട സ്ത്രീ.
സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ, നവംബര്‍ 14-നാണ് യു.പിയിലെ ഹാഥ്രസ് ജില്ലയിലെ ചാന്ദ്പ ഏരിയയില്‍ നാഗ്ല ഭൂസ് ട്രൈസെക്ഷന് സമീപം റോഡരികില്‍ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ജോഷിനാണെന്ന് തിരിച്ചറിഞ്ഞു. അഞ്ച് ജില്ലകളിലായി ഏകദേശം 1000-ത്തോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്. പ്രതിയെ ഞായറാഴ്ച ഹാഥ്രസിലെ ഹാതിസ പാലത്തിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ ഫോണും കണ്ടെടുത്തു.
ജോഷിനയുടെ മകള്‍ മുമതാസിന്റെ വിവാഹം ആഗ്രാ സ്വദേശിയായ സത്താറുമായി നടത്തുന്നതില്‍ ഇംറാന്‍ സഹായിച്ചിരുന്നു. ഇംറാന്റെ ബന്ധുക്കള്‍ ജോഷിനയുടെ വെസ്റ്റ് ബംഗാളിലെ വീടിനടുത്ത് താമസിച്ചിരുന്നതിനാല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലാവുകയും സൗഹൃദം ബന്ധമായി വളരുകയുമായിരിന്നു. കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നവംബര്‍ 10-ന് കൊല്‍ക്കത്തയില്‍ നിന്ന് ഹാഥ്രസിലെത്തിയ ജോഷിന ഇംറാന്റെ വീട്ടില്‍ പോയി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ഭാര്യയും കുട്ടികളുമുള്ളതിനാല്‍ ഇംറാന്‍ ആവശ്യം നിരസിച്ചു. ചോദ്യം ചെയ്യലില്‍ ജോഷിനയെ കൊല്‍ക്കത്തയിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് പറഞ്ഞ് നവംബര്‍ 13-ന് ഇംറാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഇരുവരും ആഗ്രയിലേക്കുള്ള ബസ്സില്‍ കയറിയ ശേഷം ഹാഥ്രസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങി. ഇവിടെവെച്ച് ജോഷിനയെ ഒഴിവാക്കാനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇംറാന്‍ പോലീസിനോട് സമ്മതിച്ചു. കൊലപാതകം മറ്റാരോ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇംറാന്‍ ജോഷിനയുടെ വസ്ത്രങ്ങള്‍ അലങ്കോലപ്പെടുത്തിയ ശേഷം സ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. പ്രതിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.