
















ബ്രിട്ടനിലെ ഭൂരിഭാഗം വീടുകളിലും ജനങ്ങള്‍ക്ക് ചെലവഴിക്കാനുള്ള ശേഷി കുറയുന്നു. തുടര്‍ച്ചയായ നാലാം മാസമാണ് ഈ സ്ഥിതി വഷളാകുന്നത്. ബജറ്റില്‍ പുതിയ നികുതി വേട്ടയ്ക്ക് റേച്ചല്‍ റീവ്‌സ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നതിനിടെയാണ് ഈ ദുരവസ്ഥ വ്യക്തമാകുന്നത്.
കുറഞ്ഞ വരുമാനക്കാരും, മധ്യവര്‍ഗ്ഗ കുടുംബങ്ങളും അടങ്ങിയ 60 ശതമാനം കുടുംബങ്ങളിലാണ് വരുമാന ഞെരുക്കം കടുത്ത തോതില്‍ അനുഭവപ്പെടുന്നത്. അതേസമയം വരുമാനം കുറഞ്ഞ കുടുംബങ്ങളില്‍ പെട്ടവര്‍ക്ക് നികുതി പേയ്‌മെന്റുകളും, ദൈനംദിന ചെലവുകളും ഉയരുന്നതിനിടയിലും ഒക്ടോബറില്‍ വാര്‍ഷിക വരുമാന വളര്‍ച്ച അനുഭവപ്പെട്ടു.
ഭക്ഷണം, ഹൗസിംഗ്, ദൈനംദിന ചെലവുകള്‍ എന്നിവയാണ് കുറഞ്ഞ വരുമാനക്കാരുടെ കുടുംബങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യം വന്നിട്ടുള്ളത്. ഒക്ടോബറില്‍ ഈ ചെലവുകള്‍ വളരെ വേഗത്തില്‍ വര്‍ദ്ധിക്കുകയും ചെയ്തു. വരുമാനം കുറവുള്ളവരിലെ അടിസ്ഥാന വിഭാഗത്തില്‍ പെടുന്ന 20 ശതമാനം പേര്‍ക്ക് ആഴ്ചയില്‍ 74 പൗണ്ടിന്റെ കുറവാണ് നേരിട്ടത്. ഇതോടെ അവശ്യ ബില്ലുകള്‍ അടയ്ക്കാന്‍ ഇവര്‍ ബുദ്ധിമുട്ടിയെന്നാണ് വ്യക്തമാകുന്നത്.
ഉയര്‍ന്ന വരുമാനക്കാരുടെ സ്ഥിതി വളരെയധികം മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. ക്രിസ്മസ് സീസണ്‍ എത്തിച്ചേരുന്നതിനൊപ്പം റേച്ചല്‍ റീവ്‌സ് ബജറ്റ് അവതരണവും നടക്കാന്‍ ഇരിക്കെ ഈ സമ്മര്‍ദങ്ങള്‍ വര്‍ദ്ധിക്കുമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് & ബിസിനസ്സ് റിസേര്‍ച്ച് പറയുന്നു. ബജറ്റില്‍ എത്രത്തോളം ഭാരം തങ്ങളുടെ ചുമലുകളില്‍ വീഴുമെന്ന ആശങ്കയിലാണ് കുടുംബങ്ങളും, ബിസിനസ്സുകളും.