
















എന്‍എച്ച്എസില്‍ ചികിത്സ ലഭിക്കാന്‍ രോഗികള്‍ക്ക് വേണ്ടിവരുന്ന കാത്തിരിപ്പ് സുപ്രധാന തലവേദനയാണ്. വെയ്റ്റിംഗ് സമയം കുറയ്ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മുന്‍പ് നേടിയ മുന്നേറ്റങ്ങള്‍ പോലും നഷ്ടമാകുന്നുവെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ ബജറ്റില്‍ എന്‍എച്ച്എസിന് സഹായകമാകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് ഏവരും. ഇതിന്റെ ഭാഗമായി പുതിയ എന്‍എച്ച്എസ് 'വണ്‍ സ്റ്റോപ്പ് ഷോപ്പുകള്‍' തുടങ്ങാന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം നൂറുകണക്കിന് സെന്ററുകള്‍ ആരംഭിച്ച് വെയ്റ്റിംഗ് സമയം ചുരുക്കാനുള്ള യത്‌നമാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുക.
ജിപിമാര്‍, നഴ്‌സുമാര്‍, ഡെന്റിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നിവരെ ഒരു കുടക്കീഴിലാക്കുന്ന 250 നെയ്ബറിംഗ് ഹെല്‍ത്ത് സെന്ററുകള്‍ ആരംഭിക്കാനാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ലക്ഷ്യം. ഏറ്റവും ദരിദ്രമായ മേഖലകളിലാണ് ഇതിന് ആരംഭം കുറിയ്ക്കുക.
'എന്‍എച്ച്എസ് വെയ്റ്റിംഗ് സമയം കുറയ്ക്കാനും, കടം, കുറയ്ക്കാനും, ജീവിതച്ചെലവ് കുറയ്ക്കാനും ഉള്‍പ്പെടെ രാജ്യത്തിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ ഞങ്ങള്‍ ഏത് വിധത്തിലാണ് ഡെലിവെര്‍ ചെയ്യുന്നതെന്ന് ബജറ്റില്‍ കാണാം. ഹെല്‍ത്ത് കെയര്‍ രോഗികളുടെ പടിവാതില്‍ക്കല്‍ എത്തിച്ച് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കും. കൂടാതെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് എന്‍എച്ച്എസിന്റെ ഉത്പാദനക്ഷമതയും ഉയര്‍ത്തും. റെക്കോര്‍ഡ് നിക്ഷേപവും, കര്‍ശനമായ പരിഷ്‌കാരങ്ങളും എന്‍എച്ച്എസ് രോഗികള്‍ക്ക് ലഭിക്കേണ്ട മികച്ച പരിചരണം ലഭ്യമാക്കും', റീവ്‌സ് പറയുന്നു.
300 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് ടെക് ഉത്തേജനം നല്‍കി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് രോഗികളുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.