CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 47 Seconds Ago
Breaking Now

പ്രധാനമന്ത്രി മോദി പ്രോട്ടോക്കോള്‍ മാറ്റിവച്ച് പുടിനെ നേരിട്ടെത്തി സ്വീകരിച്ചു ; ഒരുമിച്ച് കാറില്‍ യാത്ര

യാത്രാ മധ്യേ ഇരുനേതാക്കളും വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി മോദി ഇന്നലെ രാത്രി ഇന്ത്യയിലെത്തിയ പുടിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. പുടിനെ സ്വീകരിക്കാനുള്ള മോദിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും റഷ്യന്‍ സംഘത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും ക്രെംലിന്‍ പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരെ പ്രധാനമന്ത്രി മോദി മുമ്പ് വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സുരക്ഷാ പരിവാരത്തിന്റെ ഭാഗമായ വെളുത്ത ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഒന്നിച്ചിരുന്നാണ് ഇരുനേതാക്കളും വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്തത്. ഈ കാറിലാകട്ടെ ഇന്ത്യയുടെയും റഷ്യയുടെയും പതാകകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സാധാരണ പ്രധാനമന്ത്രി മോദി കറുത്ത റേഞ്ച് റോവര്‍ സെന്റിനലിലാണ് യാത്ര ചെയ്യാറാണ്. എന്നാല്‍ പുടിനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ആ കാര്‍ ഉപയോഗിച്ചില്ല. യാത്രാ മധ്യേ ഇരുനേതാക്കളും വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

പുടിനുമൊപ്പമുള്ള പ്രധാനമന്ത്രി മോദിയുടെ യാത്ര ഉഭയകക്ഷി ഉച്ചകോടികളുടെ സംവിധാനത്തില്‍ ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ (2017ലെ റോഡ് ഷോയ്ക്കിടെ), മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ (2024 റോഡ് ഷോയ്ക്കിടെ), ഈ വര്‍ഷം ആദ്യം വ്ളാഡിമിര്‍ പുടിന്‍ (ചൈനയിലെ ടിയാന്‍ജിനില്‍ എസ്സിഒ ഉച്ചകോടിക്ക് ശേഷം) എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി മോദി മുമ്പ് കാറില്‍ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഒരു നേതാവിനൊപ്പം വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് സ്വീകരിച്ച് ഇന്ത്യയിലെ വസതിയിലേക്ക് യാത്ര ചെയ്യുന്ന ആദ്യ സംഭവമാണിത്.

റഷ്യന്‍ അധികൃതര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഓറസ് സെനറ്റ് കാറിലാണ് പുടിന്‍ സാധാരണയായി യാത്ര ചെയ്യുന്നത്. ചൈനയില്‍വെച്ച് ഈ കാറില്‍ മോദി പുടിനൊപ്പം യാത്ര ചെയ്തിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ കാറില്‍ യാത്ര ചെയ്യാനുള്ള പുടിന്റെ സന്നദ്ധതയെ പരസ്പരമുള്ള ബഹുമാനമായി കാണക്കാക്കാം.

 

 




കൂടുതല്‍വാര്‍ത്തകള്‍.