
















ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അഞ്ച് വര്‍ഷ കാലയളവില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വൈസ്എസ് ജഗന്‍മോഹന്‍ റെഡ്ഡി വിമാന യാത്രകള്‍ക്കായി 222 കോടി രൂപ ചെലവഴിച്ചതായി ആരോപണം. സംസ്ഥാന ട്രഷറിയില്‍ നിന്നും വിമാന യാത്രാ ചെലവുകള്‍ വഹിക്കുന്നതിനായി ഇത്രയും തുക ജഗന്‍മോഹന്‍ റെഡ്ഡി പിന്‍വലിച്ചതായാണ് ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ആരോപണമുന്നയിച്ചിട്ടുള്ളത്. ഈ വാദം സാധൂകരിക്കുന്ന കണക്കുകളും ടിഡിപി പങ്കുവെച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ഇത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
സംസ്ഥാന മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി നരാ ലോകേഷ് ഹൈദരാബാദിലേക്ക് ഇടയ്ക്കിടെ പറക്കുന്നതിന് പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇതോടെ മുന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ ചാര്‍ട്ടേര്‍ഡ് വിമാന യാത്രകള്‍ക്കായി പൊതുപണം ദുരുപയോഗം ചെയ്തതായി ആരോപണം ഉയരുകയായിരുന്നു.
അതേസമയം, മന്ത്രി ലോകേഷിന്റെ വിമാന യാത്രകളുടെ ചെലവുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു വകുപ്പും വഹിച്ചിട്ടില്ലെന്ന് കൊടമല സുരേഷ് ബാബു സമര്‍പ്പിച്ച വിവരാവകാശ രേഖയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഐടി, റിയല്‍ ടൈം ഗവേണന്‍സ് എന്നീ വകുപ്പുകളും മന്ത്രി കൈകാര്യം ചെയ്യുന്നുണ്ട്. ലോകേഷ് ഹൈദരാബാദിലേക്ക് നടത്തിയ 77 യാത്രകള്‍ക്കും മന്ത്രി സ്വന്തം പോക്കറ്റില്‍ നിന്നാണ് പണം നല്‍കിയതെന്ന് വിവരാവകാശ രേഖയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു