
















നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി കെ സുരേഷിനും നോട്ടീസയച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നോട്ടീസ് അയച്ചത്. യങ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഡിസംബര്‍ 19ന് മുമ്പായി രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ശിവകുമാറിന്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍, ഫണ്ടുകളുടെ ഉറവിടം, ആദായനികുതി രേഖകള്‍ എന്നിവ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹമോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ 'യങ് ഇന്ത്യ'യിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂര്‍ണ്ണ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തെ വീണ്ടും കുരുക്കിലാക്കി പുതിയ എഫ്‌ഐആര്‍ വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പുതിയ കേസ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി പാര്‍ട്ടിയുടെ ഉന്നത നേതൃത്വം രാഷ്ട്രീയ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. ഒക്ടോബര്‍ 3നാണ് ഇഡി ഉദ്യോഗസ്ഥന്‍ ശിവ് കുമാര്‍ ഗുപ്ത രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി, സുമന്‍ ദുബെ, സാം പിട്രോഡ, യംഗ് ഇന്ത്യന്‍, ഡോട്ടെക്‌സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ്, സുനില്‍ ഭണ്ഡാരി, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, അജ്ഞാതര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.