
















റസിഡന്റ് ഡോക്ടര്‍മാരുടെ ആസന്നമായ പണിമുടക്ക് തല്‍ക്കാലം തടയാനുള്ള വെസ് സ്ട്രീറ്റിന്റെ ശ്രമങ്ങളോട് ആലോചിച്ച് മറുപടി നല്‍കാമെന്ന് മറുപടി നല്‍കി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത ആഴ്ച പണിമുടക്കാന്‍ ഇരിക്കവെയാണ് ഹെല്‍ത്ത് സെക്രട്ടറി പുതിയ ഓഫര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ സമരങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ ബിഎംഎ തയ്യാറായില്ല.
ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്കാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ സീനിയര്‍ റോളുകള്‍ സൃഷ്ടിക്കാനും, 26 ശതമാനം ശമ്പളവര്‍ദ്ധനവും ആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28.9 ശതമാനം ശമ്പളം വര്‍ദ്ധിച്ച ശേഷമാണ് ഈ സമരത്തുടര്‍ച്ച.
അതേസമയം വെസ് സ്ട്രീറ്റിംഗിന്റെ പുതിയ ഓഫര്‍ സംബന്ധിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന് യൂണിയന്‍ അറിയിച്ചു.ഹെല്‍ത്ത് സെക്രട്ടറിയുടെ പദ്ധതികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചാല്‍ പണിമുടക്ക് മാറ്റിവെച്ച് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള ബാലറ്റിംഗ് നടക്കും. മറിച്ചായാല്‍ പണിമുടക്ക് തുടരും. 
എന്‍എച്ച്എസ് ആശുപത്രികള്‍ ബ്രിട്ടന്‍ നേരിട്ട ഏറ്റവും ദുരിതമേറിയ ഫ്‌ളൂ സീസണ്‍ നേരിടുകയാണ്. സൂപ്പര്‍ഫ്‌ളൂവുമായി രോഗികള്‍ വന്‍തോതില്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ഇതിനൊപ്പം സമരം കൂടി അരങ്ങേറുന്നത് ദുരന്തം സമ്മാനിക്കുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുടെ എണ്ണം ഇപ്പോള്‍ തന്നെ മുന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച നിലയിലാണ്.
എന്നാല്‍ തന്റെ ഓഫര്‍ സ്വീകരിച്ച് സമരം നിര്‍ത്തിവെയ്ക്കാന്‍ ബിഎംഎ തയ്യാറാകാത്തതിനെ സ്ട്രീറ്റിംഗ് നിശിതമായി വിമര്‍ശിച്ചു. എന്‍എച്ച്എസിലെ മറ്റ് ജീവനക്കാര്‍ ഇതിന്റെ ഫലമായി ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കി ഷിഫ്റ്റുകളില്‍ കയറേണ്ടി വരും. രോഗികളുടെ ഓപ്പറേഷന്‍ പോലും റദ്ദാക്കേണ്ടി വരും. എന്‍എച്ച്എസ് ദുരിതം നേരിടാനാണ് തയ്യാറെടുക്കുന്നത്, ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.