
















റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരണം അവരുടെ സ്ഥാനത്തിന് ചെറിയ കളങ്കമല്ല സമ്മാനിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും ചാന്‍സലര്‍ക്ക് എതിരായ വിമര്‍ശനം രൂക്ഷമായി. രാജ്യത്തെ മുന്നേറാന്‍ സഹായിക്കുന്നതിന് പകരം എല്ലാ തുലയ്ക്കുന്ന ചാന്‍സലറെന്ന അപഖ്യാതിയും വന്നുചേര്‍ന്നു. എന്നാല്‍ ഇതിന്റെ സകല കുറ്റവും തന്റെ തലയില്‍ വന്നുവീണതോടെ ഒപ്പം പച്ചക്കൊടി വീശിയവരെ കുറിച്ച് കൂടി വെളിപ്പെടുത്തുകയാണ് റീവ്‌സ്.
ജനങ്ങളെ ശിക്ഷിക്കുന്ന ബജറ്റ് വേട്ടയ്ക്ക് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ അനുമതി ഉണ്ടായിരുന്നുവെന്ന് റീവ്‌സ് വെളിപ്പെടുത്തി. ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിക്കാനുള്ള വിവാദം തീരുമാനത്തിലൂടെ 8 ബില്ല്യണ്‍ പൗണ്ടാണ് കണ്ടെത്തിയത്. എന്നാല്‍ പല യോഗങ്ങള്‍ക്ക് ശേഷം കൂട്ടായി കൈക്കൊണ്ട തീരുമാനമായിരുന്നു ഇതെന്ന് റീവ്‌സ് വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് മുന്നില്‍ എല്ലാ കണക്കുകളും, എല്ലാ ഓപ്ഷനുകളും അവതരിപ്പിച്ച ശേഷമാണ് അന്തിമതീരുമാനം കൈക്കൊണ്ടതെന്ന് ചാന്‍സലര്‍ പറയുന്നു. 'ബജറ്റ് നടപടിക്രമങ്ങളില്‍ ആഴ്ചയില്‍ പ്രധാനമന്ത്രിയുമായി രണ്ടും, മൂന്നും മീറ്റിംഗുകള്‍ എടുത്തു. ഇത് പതിവുള്ളതല്ല. പ്രധാനമന്ത്രിയുമായുള്ള ബന്ധം അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചതും, ഒരുമിച്ച് തീരുമാനങ്ങള്‍ എടുത്തതും' ട്രഷറി കമ്മിറ്റി മുന്‍പാകെ റീവ്‌സ് വെളിപ്പെടുത്തി.
ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഒഴിവാക്കിയ നടപടി ചോര്‍ന്നത് സംബന്ധിച്ച് മന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അന്വേഷണ വിധേയമായിരിക്കുമെന്ന് റീവ്‌സ് വ്യക്തമാക്കി. 26 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ദ്ധനവുകളാണ് റീവ്‌സ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതൊന്നും സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ പര്യാപ്തമാകില്ലെന്ന് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പറഞ്ഞു.