
















നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി ആക്രമണത്തിന് തൊട്ടുമുമ്പ് സംസാരിച്ച 'ശ്രീലക്ഷ്മി' എന്ന യുവതിയെക്കുറിച്ചുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, വിഷയത്തില്‍ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് രംഗത്ത്.
പ്രധാന പ്രതിയായ പള്‍സര്‍ സുനി, ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് കൃത്യത്തെക്കുറിച്ച് അറിയാമായിരുന്നോ എന്നതിന് പോലും പ്രോസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നുമുള്ള കോടതി നിരീക്ഷണം പുറത്തുവന്നിരുന്നു.
ശ്രീലക്ഷ്മിയെ ചുരുങ്ങിയത് മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. കൂടാതെ, ശ്രീലക്ഷ്മിയുടെ ഫോണ്‍ അന്നേ പൊലീസിന് കൈമാറിയിരുന്നു. ഇതുവരെ ഫോണ്‍ തിരിച്ചുചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്‍സര്‍ സുനി ബസ് ഡ്രൈവറായിരുന്ന സമയത്ത് ശ്രീലക്ഷ്മിയുമായി സൗഹൃദമുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം 'ഇന്നൊരു കാര്യം ചെയ്യുന്നുണ്ടെന്നും പ്രാര്‍ത്ഥിക്കണമെന്നും' പള്‍സര്‍ സുനി ശ്രീലക്ഷ്മിയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു.
'അത് എന്താണെന്ന് അറിയാനുള്ള ക്യൂരിയോസിറ്റിയുടെ പുറത്താണ് ശ്രീലക്ഷ്മി ആ രാത്രിയിലും സുനിയെ പലതവണ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തത്.' ഭര്‍ത്താവ് വ്യക്തമാക്കി. എന്നാല്‍, അന്വേഷണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താത്തതിനാലാവാം പൊലീസ് ഈ വിവരം കോടതിയില്‍ എത്തിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കപ്പുറത്ത് വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ശ്രീലക്ഷ്മി എന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയില്ലെന്നും വിധിന്യായത്തിലെ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്ന ഭാഗത്ത് കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്