
















മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC) യുടെ നേതൃത്വത്തില്‍ 2026 ജനുവരി 10-ന് മാഞ്ചസ്റ്ററിലെ രാധാകൃഷ്ണ മന്ദിര്‍ (ഗാന്ധി ഹാള്‍), വിഥിങ്ടണ്‍ എന്ന പുണ്യസ്ഥലത്ത് സംഘടിപ്പിച്ച 13-)o മത് മകരവിളക്ക് മഹോത്സവം അയ്യപ്പസ്വാമിയുടെ ദിവ്യ സാന്നിധ്യത്തില്‍ അതീവ ഭക്തിസാന്ദ്രമായി നടന്നു.
''സ്വാമിയേ ശരണം അയ്യപ്പാ'' എന്ന മന്ത്രധ്വനികളാല്‍ മുഴങ്ങിക്കൊണ്ടിരുന്ന ക്ഷേത്രാന്തരീക്ഷത്തില്‍, പൂജകള്‍, കലശപൂജ, കൊടിയേറ്റ്, അര്‍ച്ചന, പടിപൂജ, ദീപാരാധന, നൈവേദ്യം, ഭജന എന്നിവ ഭക്തജനങ്ങളുടെ ഹൃദയം നിറച്ച് നടന്നു. സന്ധ്യാസമയത്ത് ഹരിവരാസനം പാടിക്കൊണ്ട് മഹോത്സവം സമാപിച്ചു, അതോടെ ദീപ്തമായ ആത്മീയാനുഭവമായി ചടങ്ങുകള്‍ മാറി.

മഹോത്സവത്തിലെ മുഖ്യ പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ബ്രഹ്‌മശ്രീ പ്രസാദ് ഭട്ട് എന്ന പൂജാരിയെയും, ക്ഷേത്രവും കൊടിമരവും ഭക്തിപൂര്‍വ്വം ഒരുക്കിയ രാജന്‍ പന്തലൂരിനെയും GMMHC പ്രസിഡന്റ് ഗോപകുമാര്‍ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു യുകെയിലെത്തി വസിക്കുന്ന നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത ഈ മഹോത്സവം ആത്മീയ ഐക്യത്തിന്റെയും സനാതന ധര്‍മ്മത്തിന്റെ മഹത്വത്തിന്റെയും സന്ദേശം ശക്തമായി ഉയര്‍ത്തിപ്പിടിച്ചു.
ഈ മഹോത്സവം വിജയകരമായി സംഘടിപ്പിക്കാന്‍ ആത്മാര്‍ഥമായി സേവനമനുഷ്ഠിച്ച ഭജനസംഘം, അലങ്കാര സംഘം, ക്ഷേത്ര-കൊടിമരം ഒരുക്കിയ സംഘം, ഭക്ഷണ നിയന്ത്രണ സംഘം, സ്വീകരണ കമ്മിറ്റി എന്നിവരടക്കം എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും GMMHC ടീം ഹൃദയപൂര്‍വ്വം നന്ദി അറിയിച്ചു.
ഈ ദിവ്യ പൂജയില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, പിന്തുണയും സഹകരണവും നല്‍കിയ എല്ലാവര്‍ക്കും അയ്യപ്പസ്വാമിയുടെ കരുണയും അനുഗ്രഹവും എന്നും നിലനില്ക്കട്ടെയെന്നും പ്രസിഡന്റ് ഗോപകുമാര്‍ ആശംസിച്ചു .