
















ഭിക്ഷാടകരില്ലാത്ത ഇന്‍ഡോര്‍' പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ ഭിക്ഷയാചിച്ചിരുന്ന യാചകനെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ചക്രങ്ങള്‍ ഘടിപ്പിച്ച ചതുര പലകയില്‍ കൈകള്‍ ഉപയോഗിച്ച് തറയില്‍ ഉന്തി സഞ്ചരിച്ച് ഭിക്ഷയാചിച്ച് ജീവിച്ചിരുന്നയാളുടെ സമ്പാദ്യം കോടികള്‍. മധ്യപ്രദേശിലെ ഭഗത്സിങ് നഗര്‍ സ്വദേശിയായ മന്‍കിലാല്‍ ആണ് കോടികള്‍ മൂല്യമുള്ള തന്റെ സമ്പാദ്യത്തെ കുറിച്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇയാള്‍ ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികളാണെന്നാണ് പുറത്ത് വരുന്ന വിവരം.
വര്‍ഷങ്ങളായി ചക്രപലകയില്‍ ഭിക്ഷാടനം നടത്തിവരികയായിരുന്നു മന്‍കിലാല്‍. കാലുകള്‍ച്ച് ചലനശേഷിയില്ലാത്തതിനാല്‍ കൈകളില്‍ ഷൂസിട്ടുകൊണ്ടാണ് ചക്ര വണ്ടി ഉന്തുന്നത്. നഗരത്തിന്റെ പല കോണുകളിലും മന്‍കിലാല്‍ ഇങ്ങനെ എത്തും. ദിവസവും ആയിരങ്ങള്‍ ആണ് ഇയാളുടെ വരുമാനം. ഇങ്ങനെ ദിവസവും വന്‍ തുക സമ്പാദിച്ചിരുന്ന മന്‍കിലാല്‍ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. മധ്യപ്രദേശിലെ ഭഗത്സിങ് നഗറില്‍ തനിക്ക് മൂന്ന് നിലയുള്ള വീടും ശിവ് നഗറില്‍ 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഒരു ഫ്‌ലാറ്റും സ്വന്തമായുണ്ടെന്ന് മന്‍കിലാല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ മന്‍കിലാലിന്റെ മൂന്ന് ഓട്ടോറിക്ഷകള്‍ നഗരത്തില്‍ വാടകയ്ക്ക് ഓടുന്നുണ്ട്. സ്വന്തമായി ഒരു സ്വിഫ്റ്റ് ഡിസൈര്‍ കാറുമുണ്ട്.
പലപ്പോഴും മന്‍കിലാല്‍ തന്റെ കാറിലാണ് ഭിക്ഷയാചിക്കാനായി തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് എത്താറുള്ളത്. ശാരീരിക വൈകല്യമുള്ളതിനാല്‍ വാഹനം ഓടിക്കാന്‍ ഡ്രൈവറിനെയും നിയമിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ശാരീരിക വൈകല്യം കണ്ട് മറ്റുള്ളവര്‍ നല്‍കുന്ന പണം സറഫ ബസാലില്‍ ചെറുകിട ആഭരണ ബിസിനസുകള്‍ക്കും പലിശ നിരക്കില്‍ വായ്പ നല്‍കാനുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയും പണം സമ്പാദിക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് മന്‍കിലാല്‍ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഇതു ലഭിച്ചത്. ഇത്രയും സ്വത്തുക്കള്‍ ഉണ്ടായിട്ടും പിഎംഎവൈ പദ്ധതി പ്രകാരം വീട് സ്വന്തമാക്കിയത് നിയമവിരുദ്ധമാണ്. അതേസമയം ഭിക്ഷക്കാരന്റെ സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.