
















പ്രക്ഷോഭം കത്തുന്ന ഇറാനില്‍ ഭരണകൂടത്തിനെതിരെ സൈനിക നടപടിക്ക് ഒരുങ്ങിയ അമേരിക്ക അയയുന്നു. ഇസ്രയേല്‍ അടക്കം രാജ്യങ്ങള്‍ ഇറാനെതിരായ സൈനിക നടപടിക്ക് ഇപ്പോള്‍ ഒരുങ്ങരുതെന്ന് നിര്‍ദ്ദേശിച്ചതോടെയാണ് ഡോണള്‍ഡ് ട്രംപിന്റെ പിന്‍മാറ്റം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് എന്നിവരുമായി സംസാരിച്ചു. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക നെതന്യാഹു പങ്കുവെച്ചു. ഇതോടൊപ്പം സൗദി, ഈജിപ്ത്. ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും സൈനിക നടപടിയില്‍ നിന്ന് പിന്തിരിയാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. സൈനിക നടപടിക്ക് ശേഷവും ഇറാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിച്ചേക്കില്ലെന്നും ഡോണള്‍ഡ് ട്രംപിന് അറബ് രാജ്യങ്ങള്‍ ഉപദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം, ഇറാന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും, സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ചുമത്തിയിട്ടുണ്ട്. ആഗോള ബാങ്കിങ്, സാമ്പത്തിക സംവിധാനങ്ങള്‍ ഇറാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് തടയാനാണ് നീക്കം.
പ്രക്ഷോഭകാരികളെ സഹായിക്കാന്‍ അമേരിക്ക സൈനികമായി ഇടപെടുകയാണെങ്കില്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎഇ, ഖത്തര്‍, തുര്‍ക്കി സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇറാന്റെ മുന്നറിയിപ്പ്.