CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 4 Seconds Ago
Breaking Now

'വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും യോജിപ്പില്ല'; മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ എംവി ഗോവിന്ദന്‍

വര്‍ഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിഷയത്തിലായിരുന്നു പ്രതികരണം. വര്‍ഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരു വര്‍ഗീയ പരാമര്‍ശവും സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ പ്രസ്ഥാനമാണ് സിപിഐഎം. ബാക്കി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ മൃതുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നവരാണ്. തരാതരം നോക്കി വര്‍ഗീയ ശക്തികളുമായി ചേരുന്നവരാണ്. അവരാണ് ഇപ്പോള്‍ ഈ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്നത്', എം വി ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായും ആര്‍എസ്എസും ബിജെപിയുമായും ചേരുന്നതിന് യാതൊരു മടിയുമില്ലെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വി ഡി സവര്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ പോയി നമസ്‌കരിക്കുന്നതിന് വര്‍ഗീയ വിരുദ്ധ പ്രസ്ഥാനത്തിന്റെ വക്താവെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന വി ഡി സതീശന് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എല്ലാ കാലത്തും വര്‍ഗീയ വിരുദ്ധ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ഇനിയും അങ്ങനെയായിരിക്കും. സിപിഐഎമ്മിനെ കടന്നാക്രമിക്കുകയാണ്. വര്‍ഗീയതയോടും ആര്‍എസ്എസിനോടും മല്ലടിച്ച് മുന്നോട്ട് വന്ന പാര്‍ട്ടിയാണ് സിപിഐഎം. സിപിഐഎമ്മിന്റെ നൂറുകണക്കിന് കേഡര്‍മാരെയാണ് ആര്‍എസ്എസ് കൊന്നിട്ടുള്ളത്. അതിനെ പ്രതിരോധിച്ചാണ് പാര്‍ട്ടി മുന്നോട്ട് വന്നത്. അല്ലാതെ അതില്‍ കീഴടങ്ങിയിട്ടല്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.

'സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ഏത് നേതാവാണെങ്കിലും അപകടകരമായ അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കും. നിങ്ങള്‍ കാസര്‍കോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ മതി. ആര്‍ക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില്‍ അല്ലാത്തവര്‍ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ', എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് ന്യായീകരിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും വിവിധ മതസംഘടനകളും മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.