
















കിളിമാനൂരിലെ പാപ്പാലയില്‍ ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരുമടക്കം 58 പേര്‍ക്കെതിരെയാണ് കിളിമാനൂര്‍ പൊലീസ് കേസെടുത്തത്. അഭിഭാഷക സിജിമോള്‍ ഒന്നാം പ്രതിയും കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അധീഷ് രണ്ടാംപ്രതിയുമാണ്.
ജനുവരി നാലിന് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനില്‍ രഞ്ജിത്ത്(41)മരിച്ചത്. ഭാര്യ അംബിക(36) ജനുവരി ഏഴിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രഞ്ജിത്തിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് മൃതദേഹവുമായി നാട്ടുകാര്‍ എം സി റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിലാണ് പൊലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. പൊതുഗതാഗതം തടസ്സപ്പെടുത്തി, ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു, നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
പെയിന്റിങ് തൊഴിലാളിയായ രഞ്ജിത്തും ഭാര്യയും കിളിമാനൂരില്‍നിന്ന് പുതുക്കോട്ടയിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ജീപ്പ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പിലുണ്ടായിരുന്നവരെ നാട്ടുകാര്‍ തടഞ്ഞു. മദ്യ ലഹരിയിലായിരുന്ന വാഹന ഉടമ വള്ളക്കടവ് വിഷ്ണുവിനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പിച്ചെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി. ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ജീപ്പില്‍നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് ഉള്‍പ്പെടെ രണ്ടുപേരുടെ ഐഡി കാര്‍ഡും കണ്ടെത്തിയിരുന്നു. അപകടത്തില്‍ തകരാറിലായ മഹീന്ദ്ര ഥാര്‍ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ഇതിന് കഴിഞ്ഞ ദിവസം ആരോ തീയിട്ടു. ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നായിരുന്നു ആരോപണം. രഞ്ജിത്തിനും അംബികയ്ക്കും ആറും ഒന്നരയും വയസുള്ള രണ്ട് കുട്ടികളുണ്ട്.
അതേസമയം പൊലീസ് കസ്റ്റഡിയിലെ ജീപ്പ് കത്തിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘം കത്തിയ കാര്‍ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തില്‍ നിന്ന് കിളിമാനൂര്‍ സിഐയെ മാറ്റണമെന്ന് അഭിഭാഷകയായ സിജിമോള്‍ പറഞ്ഞു. കേസിനെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നും ഉന്നതരായ പ്രതികളെ സംരക്ഷിക്കുകയാണ് എന്നാണ് ആരോപണം