
















പയ്യന്നൂരില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണനെതിരെ പോസ്റ്റര്‍. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്. 'ഒറ്റുകാര്‍ക്ക് മാപ്പില്ല, കടക്ക് പുറത്ത്' എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. അതേസമയം തന്നെ കുഞ്ഞികൃഷ്ണനെ പിന്തുണച്ചുള്ള ഫ്ളക്സുകളും പയ്യന്നൂരില്‍ ഉയരുന്നുണ്ട്. അന്നൂരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. 'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ട്, ഇനിയും മുന്നോട്ട്' എന്ന വാചകങ്ങളുള്ള പോസ്റ്ററുകളാണ് ഉയര്‍ന്നത്. വി എസ് അച്യുതാനന്ദന്റെ ചിത്രവും ഫ്ളക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തന്റേത് ഒറ്റയാള്‍ പോരാട്ടമല്ലെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
പയ്യന്നൂരിലെ പാര്‍ട്ടി സഖാക്കളില്‍ വലിയ വിഭാഗം തന്നോടൊപ്പമുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെ തട്ടിക്കുന്നത് ഒരു തരത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല. അതിനാല്‍ ഇതിനെ ഒരു ഒറ്റയാള്‍ പോരാട്ടമായി കാണേണ്ടതില്ല. പക്ഷെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ പുറത്താക്കിയാലും വിഭാഗീയത ഉണ്ടാകാനിടയില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.