
















തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരനെ കൊലപ്പെടുത്തിയ അച്ഛന്‍ ഷിജിലിനെതിരെ കൂടുതല്‍ പരാതികള്‍. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്ന് ഭാര്യ കൃഷ്ണപ്രിയയുടെ അമ്മ നെയ്യാറ്റിന്‍കര പൊലീസില്‍ മൊഴി നല്‍കി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുണ്ടെന്ന് ഷിജില്‍ പലരോടും പറഞ്ഞതായും മൊഴിയില്‍ പറയുന്നു. കൃഷ്ണപ്രിയയെ സ്വന്തം വീട്ടില്‍പോലും പോകാന്‍ അനുവദിക്കാറില്ലായിരുന്നു. ഷിജിലും കൃഷ്ണപ്രിയയുമായുണ്ടായത് സ്ത്രീധനത്തിന്റെ പേരിലുള്ള തര്‍ക്കമായിരുന്നുവെന്നും കൃഷ്ണപ്രിയയുടെ അമ്മ പ്രഭ നെയ്യാറ്റിന്‍കര പൊലീസിന് മൊഴി നല്‍കി.
ഷിജിനും കൃഷ്ണപ്രിയയും തമ്മില്‍ ഒരുമാസത്തോളം അകന്നുകഴിഞ്ഞിരുന്നു. പിന്നീട് ഒരാഴ്ച മുന്‍പാണ് ഇരുവരും ഒന്നിച്ച് താമസിച്ചുതുടങ്ങിയത്. അതിന്‌ശേഷമായിരുന്നു കുഞ്ഞിന്റെ കൊലപാതകം. കൊലപാതകത്തിന് പുറമെ ഗാര്ഹികപീഡനം ഉള്‍പ്പടെയുള്ള മറ്റുചില വകുപ്പുകള്‍ കൂടി ചുമത്താനാണ് പൊലീസിന്റെ നീക്കം.
ഇക്കഴിഞ്ഞ 16ന് പുലര്‍ച്ചെ 3:00 മണിയോടെയാണ് ഒരു വയസുകാരന്‍ അപ്പു എന്ന് വിളിക്കുന്ന ഇഹാനെ സ്വന്തം പിതാവ് ഷിജില്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. പുലര്‍ച്ചെ കുഞ്ഞ് കരഞ്ഞു ഈ ദേഷ്യത്തില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ക്രൂരമായി മര്‍ദ്ദിച്ചു.ഇന്നലെ അറസ്റ്റിലായ കാഞ്ഞിരംകുളം സ്വദേശി ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലാണ് ക്രൂരമായ കൊലപാതകം വിവരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണം. പുറമേ പരിക്കില്ലാത്തതിനാല്‍ കുട്ടിയെ അപ്പോള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നില്ല. പലവട്ടം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാതിരുന്ന ഷിജിലിനെ കുടുക്കിയത് കുട്ടിയുടെ പരുക്കിനെ കുറിച്ചുള്ള ഫോറന്‍സിക് സര്‍ജന്റെ നിഗമനങ്ങളാണ്. കോടതിയില്‍ ഹാജരാക്കിയ ഷിജിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.