
















ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു ശേഷം കാണാതായ സുര്‍ജയുടെ ഭര്‍ത്താവും മറ്റുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ ബെംഗളൂരുവിലായിരുന്നു. നാലുമാസം മുമ്പാണ് സുര്‍ജ വീട്ടില്‍ സഹായിയായി എത്തിയത്. ഇവരെ എത്തിച്ച ചെന്നൈയിലെ ഏജന്റിനെ പൊലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് മകനൊപ്പം താമസിച്ചിരുന്ന കസ്തൂരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഞ്ചുണ്ടപുരത്തെ വീട്ടിലാണ് കസ്തൂരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി നിലയിലായിരുന്നു മൃതദേഹം. മകന്‍ രാംകുമാര്‍ വിയറ്റ്‌നാം സന്ദര്‍ശനത്തിന് പോയപ്പോള്‍ അമ്മയ്കൊപ്പം ഉണ്ടായിരുന്നത് ജോലിക്കാരിയായ നേപ്പാളി സ്വദേശിയായ സുര്‍ജയാണ്. ഈ സമയത്ത് മൂന്ന് പേര്‍ വീട്ടിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 12.15-ന് ഫ്ളാറ്റില്‍ വന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന മൂന്നുപേര്‍ സുര്‍ജയ്ക്ക് പരിചയമുള്ളവര്‍ തന്നെയാവാമെന്നാണ് പൊലീസ് കരുതുന്നത്. സുര്‍ജ ഇവര്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.
അതുകൊണ്ടാണ് ഇവരുടെ ഭര്‍ത്താവിനെ സംശയിക്കുന്നത്. അക്രമികള്‍ കസ്തൂരി കുട്ടിയുടെ കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകിയ ശേഷം കവര്‍ച്ച നടത്തി തിരികെപ്പോകുകയായിരുന്നു. സുര്‍ജയും മറ്റുമൂന്നുപേരും അപ്പാര്‍ട്ട്മെന്റിന്റെ മതില്‍ ചാടിയാണ് പുറത്തുപോയിരിക്കുന്നത്. സമീപത്തുനിന്ന് കിട്ടിയ സുര്‍ജയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണത്തില്‍ നിര്‍ണായകമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍മാത്രമേ കസ്തൂരി കുട്ടിയുടെ മരണകാരണം അറിയാന്‍ കഴിയൂ.