
















മുസ്ലിം ലീഗ് പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിരെ പ്രത്യക്ഷ പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍. കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കിയിട്ടും പട്ടാമ്പി സീറ്റ് ലഭിക്കാത്തതിലാണ് പ്രതിഷേധം. രണ്ട് സീറ്റ് ഒരു സീറ്റാക്കി ചുരുക്കാന്‍ അഹോരാത്രം പണിയെടുത്ത ജില്ലാ ലീഗ് കമ്മറ്റി അഭിവാദ്യങ്ങളെന്നാണ് പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പരിഹസിക്കുന്നത്.
വിസ്മയമാണ് പാലക്കാട്ടെ മുസ്ലിം ലീഗെന്നും പരിഹാസമുണ്ട്. ലീഗ് മലപ്പുറത്തും കോഴിക്കോടും മാത്രം വളര്‍ന്നാല്‍ മതി എന്ന ചിന്തയാണെന്നും പാലക്കാട്ടെ ലീഗുകാര്‍ക്ക് എന്നും കറവപശുവിന്റെ പണിയാണെന്നുമുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.
'എന്റെ പാര്‍ട്ടി മത്സരിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ എല്ലാം അവിടെ ഉള്ള ആളുകളാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്ളത്. പക്ഷേ എന്റെ ജില്ലയായ പാലക്കാട് ജില്ലയില്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന രണ്ടില്‍ ഒരു സീറ്റ് വിട്ട് കൊടുക്കുകയും ചെയ്ത് സിറ്റിംഗ് സീറ്റായ ഒരു സീറ്റില്‍ മലപ്പുറം ജില്ലയില്‍ നിന്നും ആള് വന്ന് നാലാം തവണയും മത്സരിക്കുന്നു...ലീഗ് പ്രസ്ഥാനം മലപ്പുറവും കോഴിക്കോടും മാത്രം വളര്‍ന്നാല്‍ മതി എന്ന ചിന്ത വളരെ ഒരു ഇതാണ്? ഇതിനെല്ലാം കുട പിടിച്ച് കൂട്ട് നിന്ന എന്റെ ജില്ലാ ലീഗ് കമ്മറ്റിയെ അഹോരാത്രം അഭിനന്ദിക്കുന്നു.. പാലക്കാട്ടെ ലീഗുകാരായ നമുക്ക് എന്നും കറവപശുവിന്റെ പണിയെടുക്കാം. വിസ്മയിപ്പിക്കുകയാണ് എന്റെ ലീഗ്', എന്നാണ് നദീര്‍ പണങ്ങാടന്‍ എന്ന പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്