CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 26 Seconds Ago
Breaking Now

രാഹുല്‍ ഗാന്ധിയെ പോലും സങ്കല്‍പ്പിക്കാനാവില്ല,മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം'; വി ഡി സതീശനായി സിദ്ദിഖ്

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ച നീളുകയാണ്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതിനിടെ വി ഡി സതീശനായി നടന്‍ സിദ്ദിഖും. മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധിയെ പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ആ സ്ഥാനത്തേയ്ക്ക് ഒരേ ഒരു പേര് മാത്രമേയുള്ള അത് വി ഡി സതീശനാണെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാര്‍ന്ന വിജയത്തില്‍ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തില്‍ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്. ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിര്‍പ്പാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാന്‍ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.

ഈ തിരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ചു UDF അധികാരത്തില്‍ വരും, ഇല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും. ആ വിശ്വാസം തകര്‍ക്കരുത്. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. ഞങ്ങള്‍ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല.

വി ഡി സതീശന്‍ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല.

കോണ്‍ഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ തിരിച്ചടി നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയ്ക്ക് ഒപ്പം നിന്ന, കെ കരുണാകരനെയും, ഉമ്മന്‍ ചാണ്ടിയെയും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം. V D സതീശന്‍ എന്ന ജനനായകന്റെ പേര്. നല്ലത് വരട്ടെ, നല്ലതേ വരാവു.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ച നീളുകയാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പുതന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയിരുന്നു. വി ഡി സതീശനും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി പരസ്യമായി തന്നെ നേതാക്കള്‍ രംഗത്തെത്തി. പലയിടങ്ങളിലും ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ എഐസിസി നീരീക്ഷകരായി നിയമിച്ചിട്ടുള്ള മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. എംഎല്‍എമാരുടെ അഭിപ്രായം നേതാക്കള്‍ തേടും. ഇതിന് ശേഷം ഹൈക്കമാന്‍ഡാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.