
















ഡല്‍ഹിയിലും തിരുവനന്തപുരത്തും കെസി വേണുഗോപാലിനായി ഫ്‌ലക്സുകള്‍. ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്‌ലക്സുകള്‍. 'നയിച്ചവന്‍ നായകന്‍, The Real Leader' എന്നാണ് ഫ്‌ലക്സില്‍ കുറിച്ചിരിക്കുന്നത്.
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വെച്ച മറ്റൊരു ഫ്‌ലക്സില്‍ Keralam With Congress എന്നാണ് കുറിച്ചിരിക്കുന്നത്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും ചിത്രങ്ങളും കാണാം. ഇന്ദിരാഭവന് മുന്നിലെ കൂറ്റന്‍ ഫ്‌ലക്സ് ബോര്‍ഡില്‍ 'കുഞ്ഞൂഞ്ഞിന് ശേഷം കെ സി' എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിനൊപ്പം കെസിയുടെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഹൈക്കമാന്‍ഡ് നരീക്ഷകര്‍ ഉടന്‍ കേരളത്തിലെത്തി എംഎല്‍എമാരുടെ അഭിപ്രായം തേടും. രണ്ട് ദിവസത്തിനകം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. മുഖ്യമന്ത്രി പദത്തിലേക്ക് കെസി, വിഡി, ചെന്നിത്തല പക്ഷക്കാര്‍ അവകാശവാദമുന്നയിക്കുകയാണ്. ഇതില്‍ ഘടകകക്ഷികളുടെ നിലപാട് നിര്‍ണായകമാണ്.