
















വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ നടത്തുന്ന മരിയന്‍ തീര്‍ത്ഥാടനം ജൂലൈ 18 നു ശനിയാഴ്ച ഭക്തിനിര്‍ഭരവും, ആഘോഷപൂര്‍വ്വവും കൊണ്ടാടും. എപ്പാര്‍ക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, കേംബ്രിഡ്ജ് മേഖല സീറോമലബാര്‍ ഡയറക്ടര്‍ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തില്‍ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.
ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ്, ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
ജൂലൈ 18 നു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീര്‍ത്ഥാടന തിരുന്നാള്‍ ശുശ്രൂഷകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷമായ തിരുന്നാള്‍ സമൂഹ ദിവ്യബലിക്ക് ശേഷം തീര്‍ത്ഥാടന തിരുക്കര്‍മങ്ങള്‍ സമാപിക്കും.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താമത് തീര്‍ത്ഥാടനമാവും നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ മാതൃഭക്തി പ്രഘോഷണത്തിന്റെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനം.
വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാമരിയന്‍ തീര്‍ത്ഥാടനം കത്തോലിക്കാ സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ടിലെ നസ്രേത്തിലെ തീര്‍ത്ഥാടനത്തിലും, തിരുക്കര്‍മ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേരുന്നതിനായി തങ്ങളുടെ അവധി ദിനങ്ങള്‍ മുന്‍കൂട്ടി ക്രമീകരിക്കുവാനും, പ്രാര്‍ത്ഥനാനിറവില്‍ പങ്കുചേരുന്നതിനും പിതാവും, തിരുനാള്‍ കമ്മിറ്റിയും മുഴുവന്‍ സീറോമലബാര്‍ കുടുംബാംഗങ്ങളോടും സസ്‌നേഹം അഭ്യര്‍ഥിക്കുന്നു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL
Appachan Kannanchira