
















ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെറിയ കാര്യമല്ല. ജോലി ചെയ്യുന്നതിന് അടുത്തോ, കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് അരികിലോ ഒക്കെ ഒരു വീട് തരപ്പെടുത്തിയെടുക്കാന്‍ പലപ്പോഴും വലിയ ചെലവ് ആവശ്യമായി വരാറുണ്ട്. രാജ്യത്തെ വാടക നിരക്കുകള്‍ ഇപ്പോഴും ഉയരത്തില്‍ നിന്നും നിലത്തിറങ്ങിയിട്ടില്ല. നാല് മാസം വരെയുള്ള വരുമാനമാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് ഓരോ വര്‍ഷവും വാടകക്കാര്‍ നല്‍കേണ്ടി വരുന്നതെന്നാണ് ക്യാംപെയിനര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം വരുമാനത്തിന്റെ 36 ശതമാനത്തോളമാണ് വാടകക്കാര്‍ക്ക് ചെലവ് വരുന്നതെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ ശരാശരി വാടക നിരക്ക് പരിഗണിച്ചാണ് ഈ കണക്കുകൂട്ടല്‍.
'ഉയര്‍ന്ന വാടക കുരുക്കുകള്‍ ആളുകളെ വഴിയാധാരമാക്കി മാറ്റുകയാണ്, പ്രാദേശിക സമൂഹങ്ങളുടെ പണവും ഈ വിധത്തില്‍ വലിച്ചെടുക്കുന്നു', ജനറേഷന്‍ റെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ബെന്‍ ടോമി പറഞ്ഞു. ഒരു വര്‍ഷത്തെ വരുമാനത്തിലെ നാല് മാസത്തെ വരുമാനവും ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ കൈകളിലേക്ക് എത്തുന്നുവെന്നത് ശരിയായ കാര്യമല്ല, അദ്ദേഹം പറയുന്നു.
ഇംഗ്ലണ്ടില്‍ പുതുതായി നിലവിലെത്തിയ റെന്റേഴ്‌സ് നിയമ പരിഷ്‌കാരങ്ങള്‍ പ്രൈവറ്റ് ടെനന്റ്‌സിന് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വാടക വര്‍ദ്ധന, അസാധാരണമായ നിരക്ക് കൂട്ടലുകളെ ചോദ്യം ചെയ്യാനുള്ള അനുമതി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
നോ ഫോള്‍ട്ട് എവിക്ഷനും നിയമം വഴി വിലക്കിയിട്ടുണ്ട്. എന്നാല്‍ താങ്ങാന്‍ കഴിയാത്ത വാടക നിരക്ക് വര്‍ദ്ധന ഫലത്തില്‍ താമസക്കാരെ പുറത്താക്കുന്നതില്‍ കലാശിക്കുന്നതായി റെന്റേഴ്‌സ് റിഫോം കൊളീഷന്‍ ചൂണ്ടിക്കാണിച്ചു.