
















പാര്‍ട്ടിയില്‍ ഒറ്റപ്പെടുമ്പോഴും ഭരണത്തില്‍ നിന്നും ഒഴിയാന്‍ തയ്യാറാകാതെ കീര്‍ സ്റ്റാര്‍മര്‍ കടിച്ചുതൂങ്ങുമ്പോള്‍ ബ്രിട്ടനില്‍ ഭരണം നിശ്ചലം. വിപണികള്‍ പൊളിഞ്ഞടുങ്ങുന്ന കാഴ്ചയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. വഴിത്തിരിവാകുമെന്ന് കരുതിയ ക്യാബിനറ്റ് യോഗത്തില്‍ മന്ത്രിമാരെ വെല്ലുവിളിച്ച പ്രധാനമന്ത്രി എതിരാളികള്‍ക്ക് മുന്നോട്ട് വരാന്‍ കഴിയുന്നില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്.
ഇതിനിടെ കീര്‍ സ്റ്റാര്‍മറില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച് നാല് ജൂനിയര്‍ മന്ത്രിമാര്‍ രാജിവെച്ചു. 90 ലേബര്‍ എംപിമാരാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. എന്നാല്‍ 81 എംപിമാരെങ്കിലും ഒരു പിന്‍ഗാമിയെ പിന്തുണയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്ന ന്യായം ഉപയോഗിച്ചാണ് സ്റ്റാര്‍മര്‍ പിടിച്ചുനില്‍ക്കുന്നത്.
രാജിവെയ്ക്കണമെന്ന ആവശ്യത്തെ നഖശിഖാന്തം എതിര്‍ക്കുന്ന പ്രധാനമന്ത്രി തല്‍ക്കാലം വിമതനീക്കങ്ങള്‍ക്ക് നില്‍ക്കാതെ ഭരണം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. നേതൃത്വ പോരാട്ടം ഔദ്യോഗികമായി ആരംഭിക്കാത്ത ഘട്ടത്തില്‍ താന്‍ എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്റ്റാര്‍മര്‍ പറയുന്നു.
തന്നെ രാജിവെപ്പിക്കാനുള്ള സമ്മര്‍ദം ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുകയും, രാജ്യത്തിനും, കുടുംബങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായും സ്റ്റാര്‍മര്‍ ക്യാബിനറ്റില്‍ സമ്മതിച്ചു. ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര യുദ്ധം രാജ്യത്തിന് ബില്ല്യണുകളുടെ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന് ടോറി ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു.
ഇതിനിടെ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് നം.10 സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എപ്സ്റ്റീന്‍ ബന്ധമുണ്ടായിരുന്ന മണ്ടേല്‍സനെ യുഎസിലേക്കുള്ള അംബാസിഡറാക്കി നിയോഗിച്ച വിഡ്ഢിത്തമാണ് സ്റ്റാര്‍മര്‍ക്ക് വിനയായത്. ഇതുമായി ബന്ധപ്പെട്ട ഫലയുകള്‍ ഈ മാസം പുറത്തുവിടുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്.