CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes Ago
Breaking Now

വിസയില്ല, പൗരത്വമില്ല! സ്‌കോട്ടിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയിച്ചുകയറി ഇന്ത്യന്‍ കുടിയേറ്റക്കാരന്‍; യുകെയില്‍ സ്ഥിരതാമസത്തിന് അനുമതിയില്ലാഞ്ഞിട്ടും തെരഞ്ഞെടുപ്പ് വിജയിച്ചതില്‍ ഇന്ത്യക്കാരന് എതിരെ വിമര്‍ശനം; ട്രാന്‍സ് കുടിയേറ്റക്കാരന് വഴിയൊരുക്കിയത് നിയമത്തിലെ ഇളവുകള്‍

കുടിയേറ്റ വിരുദ്ധ നിലപാടുകാര്‍ മണിവണ്ണന് എതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം നടത്തുന്നത്

ബ്രിട്ടനില്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചുരുങ്ങിയത് അവിടുത്തെ പൗരത്വം ലഭിച്ച ഒരാളായിരിക്കണമെന്നാണ് പൊതുവെയുള്ള ധാരണ. ഇങ്ങനെയുള്ളവര്‍ കൗണ്‍സിലുകളിലേക്കും മറ്റും വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥിരതാമസത്തിന് വിസയില്ലാതെ, പൗരത്വമില്ലാതെ സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്ക് വിജയിച്ചാണ് വിദ്യാര്‍ത്ഥി വിസയിലെത്തിയ ഇന്ത്യക്കാരന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 

സ്‌കോട്ടിഷ് ഗ്രീന്‍സിന്റെ സ്ഥാനാര്‍ത്ഥിയായി എഡിന്‍ബര്‍ഗ് & ലോതിയന്‍സ് ഈസ്റ്റില്‍ നിന്നുമാണ് ഇന്ത്യക്കാരനായ ട്രാന്‍സ്‌ജെന്‍ഡര്‍ കുടിയേറ്റക്കാരന്‍ ക്യു. മണിവണ്ണന്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തിലെ ആദ്യത്തെ നേട്ടത്തിന് സാധാരണയായി കൈയടികളാണ് ലഭിക്കേണ്ടത്. എന്നാല്‍ മണ്ണിവണ്ണന്റെ വിജയം ഇപ്പോള്‍ കുടിയേറ്റ വിരുദ്ധരുടെ ചോദ്യശരങ്ങളും, വിമര്‍ശനങ്ങളുമാണ് ഏറ്റുവാങ്ങുന്നത്. 

തമിഴ്‌നാട്ടില്‍ നിന്നുമാണ് ക്യു. മണിവണ്ണന്‍ സ്‌കോട്ട്‌ലണ്ടില്‍ എത്തുന്നത്. 2021 മുതല്‍ സ്‌കോട്ട്‌ലണ്ടില്‍ താമസിച്ച് വരികയാണ്. സ്റ്റുഡന്റ് വിസയിലാണ് ഇദ്ദേഹം അവിടേക്ക് എത്തുന്നത്. നേരത്തെ ഒരു എംഎസ്പിയാകാന്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ അല്ലെങ്കില്‍ സെറ്റില്‍മെന്റ് ലഭിച്ചവര്‍ക്കാണ് സാധിക്കുകയെന്നാണ് നിയമം നിലനിന്നിരുന്നത്. എന്നാല്‍ സ്‌കോട്ടിഷ് ഇലക്ഷന്‍ ആക്ട് പ്രകാരം നിയമങ്ങളില്‍ ഇളവ് നല്‍കിയപ്പോള്‍ ഹൃസ്വകാല സ്റ്റഡി വിസ ഉള്‍പ്പെടെയുള്ളവര്‍ക്ക്, കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നാണെങ്കില്‍ മത്സരിക്കാമെന്ന് ഇളവ് വന്നിരുന്നു. 

നേരത്തെ ഗ്രാജുവേറ്റ് വിസയ്ക്ക് അപേക്ഷിക്കാനായി ക്യു. മണിവണ്ണന്‍ ക്രൗഡ് ഫണ്ടിംഗ് നടത്തിയിരുന്നുവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ എംഎസ്പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ നികുതിദായകന്‍ ഫണ്ട് ചെയ്യുന്ന 77,711 പൗണ്ട് ശമ്പളവും ഇദ്ദേഹത്തിന് ലഭിക്കുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. 

കുടിയേറ്റ വിരുദ്ധ നിലപാടുകാര്‍ മണിവണ്ണന് എതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം നടത്തുന്നത്. എന്നാല്‍ സ്റ്റുഡന്റ് വിസയിലുള്ള ഒരാള്‍ ദേശീയ പാര്‍ലമെന്റുകളിലെ പ്രതിനിധിയായി മാറുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് റിഫോം യുകെ നേതാവും, യുകെ എംപിയുമായ റോബര്‍ട്ട് ജെന്റിക്ക് പ്രതികരിച്ചു. എന്നാല്‍ നിലവിലെ നിയമം അനുവദിക്കുന്ന വിധത്തില്‍ യുകെയില്‍ ജോലി ചെയ്യാന്‍ വിസയുള്ള വ്യക്തിയാണ് മണിവണ്ണനെന്ന് സ്‌കോട്ടിഷ് ഗ്രീന്‍സ് വ്യക്തമാക്കി. മണിവണ്ണന്‍ ജയിച്ചതോടെ ലോതിയാന്‍ മേഖലയില്‍ ഗ്രീന്‍സിന് മൂന്ന് സീറ്റ് നേടാന്‍ കഴിഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.