
















പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് ദിവസമായിട്ടും വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങിയതാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ.
സാധാരണ ആഭ്യന്തര മന്ത്രിക്ക് ലഭിക്കാറുള്ള രണ്ടാം സ്ഥാനം വി ഡി സതീശന്‍ സര്‍ക്കാരില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരിക്കുന്നു. മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ വി ഡി സതീശന്‍ സത്യ പ്രതിജ്ഞ കഴിഞ്ഞ ആദ്യം പോയത് ബിഷപ്പ് ഹൗസിലേക്കാണ്. ജമാ അത്തെ ഇസ്ലാമിയുടെ അമീറിനെക്കാണാനും സതീശന് പ്രശ്നമില്ലായിരുന്നു. 'തിണ്ണ നിരങ്ങല്‍' പ്രയോഗം എസ്എന്‍ഡിപിയെയും എന്‍എസ്എസ്സിനെയും മാത്രം ഉദ്ദ്യേശിച്ചാണോ എന്ന് സതീശന്‍ വ്യക്തമാക്കണം. ഭൂരിപക്ഷ സമുദായ നേതാക്കളോടുള്ള സതീശന്റെ ശത്രുതാ മനോഭാവം അവസാനിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
വന്ദേമാതരത്തെ അപമാനിക്കുന്ന സിപിഎം നിലപാട് അംഗീകരിക്കാനാവില്ല. പണ്ട് ബ്രിട്ടീഷുകാരാണ് വന്ദേമാതരത്തെ എതിര്‍ത്തതെങ്കില്‍ ഇന്ന് ആ ജോലി സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
ശബരിമലയിലെ നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ബിജെപി ഉറച്ചുനില്‍ക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്, പക്ഷേ സമരത്തിന്റെ പേരില്‍ ജനങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ കൂടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.