CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 17 Seconds Ago
Breaking Now

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി അതീവ സുരക്ഷയില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് ഒളിസങ്കേതത്തില്‍ കിട്ടിയതിന് സമാനമായ സുരക്ഷാ മുന്‍കരുതലുകളാണ് ഖമനെയിയും പിന്തുടരുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയി അതീവ സുരക്ഷയുള്ള രഹസ്യസങ്കേതത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ഭാഗത്തു നിന്ന് അദ്ദേഹത്തെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കം എന്നാണ് വിവരം. മൊബൈല്‍, റേഡിയോ അടക്കം വാര്‍ത്താവിനിമയത്തിനുള്ള ഉപകരണങ്ങളെല്ലാം ഒഴിവാക്കിയ അദ്ദേഹം, വിശ്വസ്തരായ ദൂതന്മാരുടെ കൈവശം കൊടുത്തുവിടുന്ന കുറിപ്പുകളിലൂടെയാണ് ഭരണകൂടത്തിലെ ഉന്നതരുമായി സംസാരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് ഒളിസങ്കേതത്തില്‍ കിട്ടിയതിന് സമാനമായ സുരക്ഷാ മുന്‍കരുതലുകളാണ് ഖമനെയിയും പിന്തുടരുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹത്തിന്റെ പിതാവായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേറ്റിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിതാവിന്റെ മരണത്തോടെയാണ് മുജ്തബ ഖമനെയി ഇറാന്റെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടത്. മാര്‍ച്ചില്‍ അധികാരമേറ്റെങ്കിലും അദ്ദേഹം ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടില്ല. ഇസ്രായേല്‍ ചാരസംഘടനകളുടെ നിരീക്ഷണം ഭയന്ന് ടെലിഫോണോ മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളോ അദ്ദേഹം ഉപയോഗിക്കുന്നില്ല. കൈകൊണ്ട് എഴുതിയ കത്തുകള്‍ രഹസ്യ ദൂതന്മാര്‍ വഴി കൈമാറുന്ന രീതിയാണ് ആശ്രയിക്കുന്നത്.

ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളെ ഖമനെയിയുടെ ഒളിവുജീവിതം സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും കരാറുകളും മുജ്തബ ഖമേനിയുടെ പക്കല്‍ എത്താനും അതില്‍ മറുപടി വരാനും ആഴ്ചകളോളം സമയമെടുക്കുന്നു. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും അദ്ദേഹം എവിടെയാണ് കഴിയുന്നതെന്നോ എങ്ങനെ ബന്ധപ്പെടണമെന്നോ അറിയില്ല. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇറാന്റെ പ്രതിനിധികള്‍ പലപ്പോഴും നേതാവില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഏറെക്കാലം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.