
















യുഎസും, ഇറാനും തമ്മില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ 'സുപ്രധാന പുരോഗതി' നേടിയതായി അവകാശപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി. ഇറാന്‍ യുദ്ധത്തിന് സമ്പൂര്‍ണ്ണമായി അന്ത്യം കാണാനുള്ള ഉന്നതതല ചര്‍ച്ചകളാണ് നടക്കുന്നത്. ലെബനണിലെ പോരാട്ടം അഭിസംബോധന ചെയ്യാന്‍ 'സംഘര്‍ഷം ലഘൂകരിക്കുന്ന'സെല്ലിന് തുടക്കം കുറിയ്ക്കാനും ഇറാനും, യുഎസും ധാരണയായി.
ചര്‍ച്ചകള്‍ക്കായി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് എത്തുന്നതിന് മുന്‍പ് 'അവരെ ബോംബ് ചെയ്ത് തകര്‍ത്ത് കളയുമെന്ന്' പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകളില്‍ നിന്നും വാക്ക്ഔട്ട് നടത്തുകയും ചെയ്തു.
ഇതിന് ശേഷമാണ് ഇറാന്റെ പുനര്‍നിര്‍മ്മാണവും, വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് തുടക്കമിട്ടതായി വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അവകാശപ്പെട്ടത്. ഇറാന്‍ എണ്ണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചതായും, രാജ്യത്തിന്റെ മരവിപ്പിച്ച സ്വത്തുക്കളില്‍ ചിലത് ഇതില്‍ നിന്നും മോചിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ലെബനണിലെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമായിരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയും, ഇസ്രയേലും തമ്മിലുള്ള പോരാട്ടം നിര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമോയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.