
















കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയ്ക്ക് പിന്തുണയുമായി കലാ, സാംസ്‌കാരിക രംഗത്തെ കൂടുതല്‍ പേര്‍ രംഗത്ത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് നടി ജ്യോതിക ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പമാണ് താന്‍ എന്നാണ് ജ്യോതിക പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി സിജെപിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
'ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പം ഉത്തരവാദിത്തത്തോടെ നിലകൊളളുന്നു. ജനാധിപത്യ ഇന്ത്യയ്ക്കായി. മികച്ച പരിഷ്‌കൃത വിദ്യാഭ്യാസത്തിനായി. സോനം വാങ്ചുക്ക്, അഭിജീത് ദിപ്കെ, സൗരവ് ദാസ്, അമ്മമാരെന്ന നിലയില്‍, നിങ്ങളെപ്പോലെ ഞങ്ങളുടെ മക്കളെ വളര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. 'നമ്മള്‍' ആണ് ഇന്ത്യ എന്ന് നിങ്ങള്‍ തെളിയിച്ചു. സമ്മര്‍ദ്ദങ്ങളെ തകര്‍ത്തതിന് നന്ദി. ഞങ്ങളെ നിര്‍ഭയരാക്കിയതിനും. ജയ്ഹിന്ദ്': ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.