
















ഇറാനെതിരെ തുടര്‍ച്ചയായ ഒന്‍പതാം ദിനവും രാത്രിയില്‍ വ്യോമാക്രമണത്തിന് ഉത്തരവ് നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ മൂന്നാമത്തെ സൈനികനും യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അക്രമം കടുപ്പിച്ചത്.
നോര്‍ത്തേണ്‍ ഇറാഖിലെ ബേസിലാണ് യുഎസ് സൈനികന്‍ കൊല്ലപ്പെട്ടത്. വാര്‍ത്ത വന്നതിന് പിന്നാലെ യുഎസ് സെന്‍ഡ്രല്‍ കമ്മാന്‍ഡ് അക്രമം ആരംഭിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ചരക്കുകപ്പലുകള്‍ക്കും, സാധാരണക്കാരായ മറൈന്‍ ജീവനക്കാര്‍ക്കും നേരെ അക്രമം നടത്താനുള്ള ഇറാന്റെ ശേഷി തകര്‍ക്കുന്നത് വരെ വ്യോമാക്രമണം തുടരുമെന്നാണ് കമ്മാന്‍ഡ് വ്യക്തമാക്കുന്നത്. 
അതേസമയം ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ തങ്ങളാണ് നിയന്ത്രിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ജോര്‍ദാനിലെ യുഎസ് ബേസുകളില്‍ ഇറാന്‍ അക്രമം നടത്തിയതില്‍ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. ഒരാളെ കാണാതായിട്ടുണ്ട്. നാല് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സെന്റ്‌കോം അറിയിച്ചു.
മിഡില്‍ ഈസ്റ്റില്‍ അന്‍പതിനായിരത്തിലേറെ യുഎസ് സൈനികരാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. യുഎസ് സൈനികര്‍ തയ്യാറായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കരയുദ്ധത്തിനായി ഇറാന്‍ വര്‍ഷങ്ങളായി ഒരുങ്ങി ഇരിക്കുകയാണെന്ന് ഇറാന്‍-അമേരിക്കന്‍ അക്കാഡമിക് സയെദ് മുഹമ്മദ് മറാന്‍ഡി മുന്നറിയിപ്പ് നല്‍കുന്നു. കരയുദ്ധത്തിനുള്ള അമേരിക്കന്‍ സൈനിക ശേഷി കൂടുതലും ബഹ്‌റിനിലും, കുവൈത്തിലുമാണ്. അതിനാലാണ് ഇറാന്‍ അവിടെ അക്രമിക്കുന്നതെന്ന് മറാന്‍ഡി ചൂണ്ടിക്കാണിച്ചു.