
















ഇറാനെതിരായ യുദ്ധത്തിന് എണ്ണ പകര്‍ന്ന് സൗദി അറേബ്യക്ക് സ്വന്തം ആണവ പ്രോഗ്രാം വികസിപ്പിക്കാന്‍ സാങ്കേതികവിദ്യ കൈമാറി യുഎസ്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ യാത്രകള്‍ വീണ്ടും തടസ്സപ്പെട്ടതോടെ എണ്ണവില ബാരലിന് 100 ഡോളറിലേക്ക് കുതിക്കുന്നതിനിടെയാണ് സൗദിക്ക് ആണവ സാങ്കേതികവിദ്യ കൈമാറാന്‍ ട്രംപ് പച്ചക്കൊടി കാണിച്ചത്.
സൗദിയുടെ മണ്ണില്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുമ്പോള്‍ ഇതിന്റെ ഭാഗമാകാന്‍ യുഎസ് കമ്പനികള്‍ക്ക് അവസരം നല്‍കുന്ന കരാര്‍ ബില്ല്യണ്‍ കണക്കിന് ഡോളര്‍ മൂല്യമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. പരിമിതമായ അന്താരാഷ്ട്ര ഇന്‍സ്‌പെക്ഷന്‍ നടത്താനാണ് സൗദി നേതാക്കള്‍ സമ്മതിച്ചിട്ടുള്ളത്. യുറേനിയം ആയുധങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് നയിക്കുന്നത് തടയാനാണ് ഈ സംവിധാനം.
എന്നാല്‍ സൗദിയ്ക്ക് ആണവ പദ്ധതിക്ക് സഹായം നല്‍കുന്നത് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് ആശങ്കയുള്ള ചില യുഎസ് നയനിര്‍മ്മാതാക്കളും, ഇസ്രയേല്‍ ഉദ്യോഗസ്ഥരും ഇതിനെ എതിര്‍ക്കുന്നുണ്ട്. ഇസ്രയേലിനെ അംഗീകരിക്കുന്ന സാഹചര്യത്തിലാണ് കരാര്‍ അനുവദിക്കൂവെന്ന മുന്‍ നിബന്ധനയാണ് ട്രംപ് വേണ്ടെന്നുവെച്ചത്.
ഇറാന്‍ തങ്ങളുടെ ആണവപദ്ധതിക്കായി യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ആണവായുധം നിര്‍മ്മിക്കുന്നതിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് യുഎസ് യുദ്ധം ആരംഭിച്ചത്. ഇറാന്‍ പിന്തുണയുള്ള ഹൂതി ഭീകരര്‍ സൗദിയ്ക്ക് സമുദ്രജലത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പച്ചക്കൊടി.
ഹോര്‍മുസില്‍ കപ്പലിന് നേരെ ഒരു മിസൈലോ, ഡ്രോണോ, മറ്റേതെങ്കിലും ആയുധമോ ഉപയോഗിച്ചാല്‍ ഇറാന്റെ ഒരു പാലമോ, പവര്‍ പ്ലാന്റോ വീതം തകര്‍ക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.