
















യുകെയിലെ ആശുപത്രികളുടെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ പ്രായമായ രോഗികള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നതായി പഠനം. നഫീല്‍ഡ് ട്രസ്റ്റ് നടത്തിയ പഠനത്തില്‍
80 വയസിന് മുകളിലുള്ള രോഗികളില്‍ 43 ശതമാനം പേരുംഅത്യാഹിത വിഭാഗത്തിലെത്തിയത് മുതല്‍ ആശുപത്രി വാര്‍ഡിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നതുവരെ 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നതായി കണ്ടെത്തി.
അതേസമയം, 21 മുതല്‍ 30 വയസ്സ് വരെയുള്ളവരില്‍ ഇത് 19 ശതമാനം മാത്രമാണ്. പ്രത്യേകിച്ച് 81 വയസും അതിന് മുകളിലും പ്രായമുള്ളവരില്‍ 40 ശതമാനം പേര്‍ക്ക് ചികിത്സ ലഭിക്കാന്‍ 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശ്വാസതടസ്സം അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരില്‍ 36 ശതമാനം പേര്‍ക്ക് 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ 27 ശതമാനവും, നാഡീവ്യവസ്ഥ സംബന്ധമായ രോഗങ്ങളില്‍ 36 ശതമാനവും സമാനമായ കാലതാമസം നേരിട്ടു.
ഇതിനിടെ, ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കഴിഞ്ഞ മേയില്‍ പ്രതിദിനം ഏകദേശം 3,000 രോഗികള്‍ക്ക് ഇടനാഴികളിലോ താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളിലോ പരിചരണം നല്‍കേണ്ട സാഹചര്യമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീര്‍ഘനേരം ചികിത്സയ്ക്കായി കാത്തിരിക്കുന്നത് ചിലരുടെ മരണത്തിന് വരെ ഇടയാക്കാറുണ്ടെന്ന് നഫീല്‍ഡ് ട്രസ്റ്റിന്റെ ഗവേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സാറ സ്‌കോബി പറയുന്നു.
എന്നാല്‍ അത്യാഹിക വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നുണ്ടെന്നും കാത്തിരിപ്പു സമയം കുറഞ്ഞെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.