CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 3 Seconds Ago
Breaking Now

അയോധ്യ സംഭാവന തട്ടിപ്പിനെതിരായ ആക്ഷേപഹാസ്യ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി

സനാതന ധര്‍മത്തെയും ഹിന്ദു വിശ്വാസങ്ങളെയും അപമാനിച്ചുവെന്നാണ് നേതാക്കന്മാര്‍ക്ക് എതിരെയുള്ള പരാതിയില്‍ ആരോപിക്കുന്നത്.

അയോധ്യ രാമക്ഷേത്ര കൊള്ളയ്ക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ന്യൂഡല്‍ഹി എംപി ബാന്‍സുരി സ്വരാജും മറ്റ് മൂന്ന് ബിജെപി എംഎല്‍എമാരുമാണ് ശനിയാഴ്ച ഇന്ത്യന്‍ പാരമ്പര്യത്തെയും സനാതന ധര്‍മത്തെയും അധിക്ഷേപിച്ചുവെന്ന് കാട്ടി പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. ഇതിന് മുമ്പ് ചില സന്യാസിമാരുടെ പരാതിയില്‍ വാരണാസി പൊലീസ് രാഹുല്‍ ഗാന്ധി, സ്വതന്ത്ര എംപിയായ പപ്പു യാദവ്, സമാജ് വാദി പാര്‍ട്ടി നേതാവ് അവധേഷ് പ്രസാദ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. സനാതന ധര്‍മത്തെയും ഹിന്ദു വിശ്വാസങ്ങളെയും അപമാനിച്ചുവെന്നാണ് നേതാക്കന്മാര്‍ക്ക് എതിരെയുള്ള പരാതിയില്‍ ആരോപിക്കുന്നത്.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളില്‍ നടന്ന തട്ടിപ്പില്‍ നടന്ന പ്രതിഷേധത്തിലാണ് നേതാക്കന്മാര്‍ ചേര്‍ന്ന് ആക്ഷേപ ഹാസ്യനാടകം അവതരിപ്പിച്ചത്. പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിനിടെയാണ് ഇന്‍ഡ്യാ ബ്ലോക്കിലെ നേതാക്കള്‍ സംഭാവന കൊള്ള, നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം എന്നിവയ്ക്കെതിരെ പ്രതികരിച്ചത്.

കാവി വസ്ത്രം ധരിച്ചാണ് പപ്പു യാദവ് എത്തിയത്. സംഭാവനകള്‍ സ്വീകരിക്കാനുള്ള പെട്ടിയുമായി പാര്‍ലമെന്റിന്റെ തറയിലിരുന്ന അദ്ദേഹത്തിന് സമീപമെത്തി മറ്റ് എംപിമാര്‍ പെട്ടിയില്‍ പണമിട്ടു. ഈ പണം സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്ന പുരോഹിതനായാണ് പപ്പു യാദവ് അഭിനയിച്ചത്. ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞ് തടയാന്‍ എത്തുന്ന ഭക്തനായാണ് എം പി അവേധഷ് പ്രസാദ് അഭിനയിച്ചത്. ധര്‍മേന്ദ്ര യാദവും ഒപ്പമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നുള്ള എംപി മഹുവ മാജി എന്നിവരും ആക്ഷേപ ഹാസ്യ നാടകത്തിന്റെ ഭാഗമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.