
















പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജമായി പ്രചരിച്ച ഫോട്ടോയ്ക്ക് പിന്നിലുള്ള തൃശൂര്‍ കരുമാത്ര സ്വദേശി ദാമോദര മേനോനെ കേരളത്തിലെത്തിച്ച് ചികിത്സയും സംരക്ഷണവും നല്‍കാന്‍ നോര്‍ക്ക റൂട്ട്സ് കഴിഞ്ഞ മാസം ഇടപെടല്‍ നടത്തിയിരുന്നു. ബ്രൂണെ ദാരുസ്സലാമിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂറക്കനാട് ദാമോദര മേനോനെ സഹായിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി നോര്‍ക്ക ജൂലൈ 2ന് കത്തു നല്‍കിയത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഓര്‍മ്മക്കുറവും അലട്ടുന്ന ദാമോദര മേനോന്‍ കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലാണ്. സ്ഥിരമായി താമസിക്കാന്‍ ഇടമില്ലാത്തതിനാല്‍ ഹൈക്കമ്മിഷന്‍ ഒരുക്കിയ താല്‍ക്കാലിക സംരക്ഷണത്തിലാണ് അദ്ദേഹം കഴിയുന്നത്. വാടക നല്‍കാന്‍ പോലും പണമില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ മേനോനെ വീട്ടുടമസ്ഥയായ ചൈനീസ് യുവതിയാണ് ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ എത്തിച്ചത്.
തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ പാസ്പോര്‍ട് വിവരങ്ങള്‍ ശേഖരിച്ച് മലേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കഴിയുന്ന മക്കളെയും ഭാര്യയെയും ബന്ധപ്പെട്ടെങ്കിലും ആരും മേനോനെ ഏറ്റെടുക്കാന്‍ തയാറായില്ല. ഒടുവില്‍ നാട്ടിലുള്ള ബന്ധുക്കളെ ബന്ധപ്പെട്ടപ്പോള്‍, മേനോന് നാട്ടില്‍ വസ്തുവകകള്‍ ഉണ്ടെന്നും നാട്ടിലെത്തിച്ചാല്‍ സംരക്ഷിക്കാമെന്നും ബന്ധുക്കള്‍ ഉറപ്പു നല്‍കി. ഈ സാഹചര്യത്തിലാണ് മേനോന് കേരളത്തില്‍ താമസസൗകര്യവും ചികിത്സാ സൗകര്യവും ഒരുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നോര്‍ക്ക രംഗത്തെത്തിയത്. ഇതിനിടയിലാണ് ഇദ്ദേഹത്തിന്റെ ചിത്രം സുകുമാരക്കുറുപ്പുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിച്ചത്.