
















നമുക്കെല്ലാം ഒരു കുഴപ്പമുണ്ട്. ഏതെങ്കിലും ഒരു കമ്പനിയുടെ സേവനം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അത് തന്നെ കടിച്ചുതൂങ്ങൂം. അതില്‍ ചാര്‍ജ്ജ് കൂടി കൂടുതല്‍ പണം കമ്പനി പിടുങ്ങാന്‍ തുടങ്ങിയാലും കാര്യമാക്കാതെ മുന്നോട്ട് പോകും. പക്ഷെ എനര്‍ജി ബില്ലുകളുടെ കാര്യത്തില്‍ ആ ശീലം കൈയിലെ കാശ് പോയിക്കിട്ടാന്‍ മാത്രമാണ് ഉപകരിക്കുക.
ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 4% വര്‍ദ്ധിക്കുമെന്നാണ് എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ എനര്‍ജി ഡീലുകള്‍ 'സ്വിച്ച്' ചെയ്ത് ലാഭകരമായ ഡീലിലേക്ക് മാറുന്നതാണ് ബുദ്ധിപരമായ മാര്‍ഗ്ഗം.
എനര്‍ജി പ്രൈസ് ക്യാപ്പ് ഒക്ടോബര്‍ 1 മുതല്‍ ഡ്യൂവല്‍-ഫ്യൂവല്‍ വീടുകള്‍ക്ക് 1663 പൗണ്ടില്‍ നിന്നും 1723 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയലയളവിലെ നിരക്കില്‍ നിന്നും 147 പൗണ്ടാണ് വര്‍ദ്ധന. വിന്റര്‍ കാലാവസ്ഥയിലേക്ക് കടക്കാന്‍ ഒരുങ്ങവെയാണ് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ബില്‍ ഷോക്ക് വരുന്നത്.
ജനുവരിയില്‍ മറ്റൊരു 9% വര്‍ദ്ധന കൂടി ഇതില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ്‌സ് പ്രവചിക്കുന്നു. അതായത് പ്രൈസ് ക്യാപ്പ് 1872 പൗണ്ടിലേക്ക് എത്തും. തുടര്‍ച്ചയായ മൂന്നാം വില വര്‍ദ്ധനവിനാണ് സാധ്യത.
സപ്ലൈയറുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ളവര്‍ക്ക് ഓരോ മാസത്തെയും പ്രൈസ് ക്യാപ്പിലെ വര്‍ദ്ധനവും, താഴ്ചയും അനുസരിച്ച് ബില്ലിലും വ്യത്യാസം വരും. ഫിക്‌സഡ് ഡീലുകള്‍ മറ്റൊരു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിശ്ചിത കാലത്തേക്ക് വര്‍ദ്ധനവുകളുടെ ഷോക്കില്‍ നിന്നും ഫിക്‌സഡ് ഡീലുകള്‍ സുരക്ഷ നല്‍കും. നിലവില്‍ ഒക്ടോബറിലെ പ്രൈസ് ക്യാപ്പിനെ തോല്‍പ്പിക്കുന്ന 21 ഫിക്‌സഡ് താരിഫുകള്‍ വിപണിയിലുണ്ട്. 184 പൗണ്ട് വരെ ലാഭം നല്‍കുമ്പോള്‍ ഇതിലേക്ക് മാറാന്‍ മടിക്കേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.