
















യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലെത്തി. 2024 ല്‍ ആസിഎന്നിന്റെ ചരിത്രത്തിലെ ആദ്യ മലയാളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. സെപ്തംബര്‍ 7നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത് . സെപ്തംബര്‍ 9ന് ഫലം പ്രഖ്യാപിക്കും. അംഗങ്ങള്‍ സെപ്തംബര്‍ 3 ന് മുമ്പായി വോട്ട് ചെയ്യണമെന്ന് ബിജോയ് സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു. വേനല്‍ക്കാല അവധിക്കാലമായതിനാല്‍ തപാല്‍ വിതരണത്തില്‍ കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ബാലറ്റ് ലഭിച്ചാല്‍ ഉടന്‍ തന്നെ പൂരിപ്പിച്ച് തിരികെ അയക്കണമെന്ന് അഭ്യര്‍ത്ഥന. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് 2027 ജനുവരി 1 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ചുമതലയേല്‍ക്കുക.
ആര്‍സിഎന്‍ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് ബിജോയ് കഴിഞ്ഞ തവണ വിജയിച്ചതോടെ സ്വന്തമാക്കിയത്. ഏകദേശം 5.8 ലക്ഷം അംഗങ്ങളുള്ള ആര്‍സിഎന്‍ ലോകത്തെ പ്രമുഖ നഴ്‌സിങ് പ്രൊഫഷണല്‍ സംഘടനകളിലൊന്നാണ്.
വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രധാന ലക്ഷ്യങ്ങളായി സുരക്ഷിത സ്റ്റാഫിങ് ഉറപ്പാക്കുന്നതിനുള്ള നിയമ നിര്‍മ്മാണം, നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം, എല്ലാ ബാന്‍ഡുകളിലേക്കും തൊഴില്‍ മൂല്യ നിര്‍ണയം വ്യാപിപ്പിക്കല്‍, ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നീതിയുക്തമായ വേതനം ഉറപ്പാക്കല്‍ എന്നിവയാണ് ബിജോയ് മുന്നോട്ട് വയ്ക്കുന്നത്. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥി വായ്പാ ഇളവുകള്‍, പ്ലേസ്‌മെന്റഇനുള്ള യാത്രാ സഹായം, നഴ്‌സിങ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടുതല്‍ നിക്ഷേപം എന്നിവയ്ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.