
















ഹാര്‍ലോ മലയാളി അസോസിയേഷന്റെ (എച്ച്.എം.എ.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ആര്‍പ്പോ ഓണം 2026' ആഘോഷങ്ങള്‍ പാസ്മോര്‍ അക്കാദമിയില്‍ ഗംഭീരമായി കൊണ്ടാടി.പാരമ്പര്യ തനിമയാര്‍ന്ന സാംസ്‌കാരിക പരിപാടികളോടെയും വിവിധ കലാപ്രകടനങ്ങളോടെയും സംഘടിപ്പിച്ച പരിപാടിയില്‍ ഹാര്‍ലോയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.

ഹാര്‍ലോ എം.പി. ക്രിസ് വിന്‍സ്, അഷ്ഫോര്‍ഡ് എം.പി. സോജന്‍ ജോസഫ്, റോയല്‍ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, ക്രോയിഡോണ്‍ ബ്രോഡ് ഗ്രീന്‍ കൗണ്‍സിലര്‍ ഡോ. മഞ്ജു ഷാഹുല്‍ ഹമീദ് തുടങ്ങി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.

24 വിഭവങ്ങള്‍ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

വൈകുന്നേരം നടന്ന പൊതു സമ്മേളനത്തില്‍ എച്ച്.എം.എ. പ്രസിഡന്റ് ബിജു മാത്യു ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ചടങ്ങില്‍ മഹാബലിയുടെ എഴുന്നള്ളത്ത് കാണികള്‍ക്ക് കാഴ്ചവിരുന്നായി. തുടര്‍ന്ന് സാങ്കരി സ്‌കൂള്‍ ഓഫ് ആര്‍ട്സുമായി സഹകരിച്ച് എച്ച്.എം.എ. ഡാന്‍സ് ക്ലബ് അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തങ്ങള്‍, തിരുവാതിരക്കളി, ഗാനമേളകള്‍, , ഗ്രൂപ്പ് ഡാന്‍സുകള്‍ എന്നിവ അരങ്ങേറി. ആവേശകരമായ വടംവലിയും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.

കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും റാഫിള്‍ നറുക്കെടുപ്പും ചടങ്ങില്‍ വച്ച് നടന്നു.
രാത്രി പത്ത് മണിയോടെ പരിപാടികള്‍ അവസാനിച്ചു. എച്ച്.എം.എ. സെക്രട്ടറി സന്ദീപ് നെടുളി ഏവര്‍ക്കും നന്ദി അറിയിച്ചു.