
















കാമുകിയെ വിവാഹം കഴിക്കാന്‍ 21 വയസ്സുവരെ കാത്തിരിക്കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനെ മകന്‍ വെടിവച്ചു കൊന്നു. ചണ്ഡിഗഢ് പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ നിതിന്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ചയാണ് സംഭവം. കാമുകിയെ വിവാഹം കഴിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് അര്‍മാന്‍ മാതാപിതാക്കളുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 21 വയസ്സ് പൂര്‍ത്തിയായ ശേഷം മാത്രമേ വിവാഹം നടത്തൂ എന്ന് മാതാപിതാക്കള്‍ വ്യക്തമാക്കിയതോടെ തര്‍ക്കം രൂക്ഷമായി. കാമുകിയെ ഉടന്‍ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് അര്‍മാന്‍ വാശിപിടിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
തുടര്‍ന്ന് അര്‍മാന്‍ പിതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ അമ്മയുടെ കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു. അര്‍മാന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട അമ്മ വീടിന്റെ മട്ടുപ്പാവിലേക്ക് ഓടിക്കയറി അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.
ഈ വര്‍ഷം ആദ്യം മണിമാജ്രയില്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് രണ്ട് സഹോദരങ്ങള്‍ മരിച്ച സംഭവത്തിലും അര്‍മാന്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.