
















രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയില്‍ പ്രധാനമന്ത്രിയെ അനുകരിച്ച സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന് ഭീഷണിയെന്ന് പരാതി. ഉത്തര്‍പ്രദേശില്‍ നടത്താനിരുന്ന മൂന്ന് ഷോകള്‍ റദ്ദാക്കിയതായി പുല്‍കിത് മണി അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചതാണ് വിവാദമായത്. ഉത്തര്‍പ്രദേശിലെ നോയിഡ, ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ തന്റെ ഷോകളാണ് റദ്ദാക്കിയതെന്ന് പുല്‍കിത് മണി അറിയിച്ചു.
'അപ്രതീക്ഷിത സാഹചര്യങ്ങളെ തുടര്‍ന്ന് നോയിഡയിലെ ഷോ റദ്ദാക്കിയതായി അറിയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. ഉണ്ടായ അസൗകര്യത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ മനസിലാക്കിയതിനും പിന്തുണയ്ക്കും നന്ദി', പുല്‍ക്കിത് മണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മോദിയെ അനുകരിച്ച വിഷയത്തില്‍ തുടര്‍ച്ചയായി ഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഷോകള്‍ റദ്ദാക്കിയതെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് ഒരു സര്‍ക്കസായി മാറിയെന്നും രാഹുല്‍ ഗാന്ധി അസംതൃപ്തനായ അമ്മാവനെ പോലെയായെന്നും ബിജെപി പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് വിലകുറഞ്ഞ രാഷ്ട്രീയ നാടകത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനായി രാഹുല്‍ ഗാന്ധി ഇടയ്ക്കിടെ വേദിയിലെത്തുന്നത് അതിശയകരമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് 'കൊമേഡിയന്‍മാരുടെയും ജോക്കര്‍മാരുടെയും പാര്‍ട്ടിയായി മാറിയെന്ന്' കേന്ദ്രമന്ത്രി കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു.