
















മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിച്ച് നീക്കുന്നതിനെ ചൊല്ലി സംഘര്‍ഷത്തില്‍ 15 പേര്‍ അറസ്റ്റില്‍. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസ് പറയുന്നത്. മസ്ജിദ് പൂര്‍ണമായി പൊളിച്ചെന്ന എഐ വീഡിയോകള്‍ പ്രചരിച്ചു. ഈ എഐ വീഡിയോകളുടെ ഉറവിടം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. റോഡ് വീതികൂട്ടല്‍ നടപടിക്കിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. മസ്ജിദ് കമ്മിറ്റിയും മുനിസിപ്പല്‍ കോര്‍പ്പറേഷനും ഒത്തുതീര്‍പ്പിലെത്തുമെന്ന് അറിയിച്ചതോടെ ഈ വിഷയത്തിലെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.
ഉജ്ജയിനിയിലെ ഷാഹി മസ്ജിദിന് സമീപം ഇന്നലെ രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥയായിരുന്നു. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മസ്ജിദിന്റ ഒരു ഭാഗം നീക്കം ചെയ്യാനുള്ള നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മസ്ജിദിന് സമീപം ആളുകള്‍ സംഘടിച്ചതോടെ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. പ്രതിഷേധത്തിനിടെ ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സ്ഥിതി വഷളായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. പ്രദേശത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ച് സ്ഥിതി നിയന്ത്രണത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
2028ലെ സിംഹസ്ഥ കുംഭമേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഉജ്ജയിനിയില്‍ റോഡ് വികസന പദ്ധതി. തിരക്കേറിയ നഗരമേഖലകളില്‍ ഗതാഗതം സുഗമമാക്കുന്നതിനും തീര്‍ഥാടകരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനുമാണ് റോഡ് വീതികൂട്ടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പദ്ധതിയുടെ ഭാഗമായി ഷാഹി മസ്ജിദ് ഉള്‍പ്പെടെ 272 കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ പൊളിക്കുന്നുണ്ട്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മസ്ജിദിന്റെ ഭാഗിക പൊളിക്കല്‍ ചോദ്യം ചെയ്ത ഹര്‍ജികള്‍ തള്ളിയിരുന്നു.