CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 34 Seconds Ago
Breaking Now

യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം. പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബര്‍ 7ന് ചെല്‍റ്റന്‍ഹാമില്‍; റീജിയണല്‍ വേദികള്‍ ഒരുങ്ങി

യുകെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ കലാമേളക്കാലത്തിന് ഒക്ടോബര്‍ 3 ശനിയാഴ്ച തിരിതെളിയും. ആദ്യവാരത്തില്‍ തന്നെ നാല് റീജിയണുകളില്‍ ഒരേസമയം കലാമേളകള്‍ അരങ്ങേറുന്നതോടെ യുക്മയുടെ ഈ വര്‍ഷത്തെ കലോത്സവ സീസണിന് ആവേശകരമായ തുടക്കമാകും. സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോര്‍ക്ഷയര്‍ & ഹംബര്‍, നോര്‍ത്ത് വെസ്റ്റ് റീജിയണുകളിലാണ് ഒക്ടോബര്‍ 3ന് കലാമേളകള്‍ നടക്കുന്നത്.

റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് യുക്മയുടെ മറ്റൊരു വലിയ സാംസ്‌കാരിക ആഘോഷത്തിന് തുടക്കമാകുന്നത്.

യുകെയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാസംഗമങ്ങളിലൊന്നായ പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബര്‍ 7ന് ചെല്‍റ്റന്‍ഹാമില്‍ നടക്കും. യുക്മയുടെ ഏഴ് ശക്തമായ റീജിയണുകളില്‍ നടക്കുന്ന കലാമത്സരങ്ങളില്‍ മികവ് തെളിയിക്കുന്ന പ്രതിഭകളാണ് ദേശീയ കലാമേളയില്‍ മാറ്റുരയ്ക്കുന്നത്. വിവിധ റീജിയണുകളില്‍ നിന്നെത്തുന്ന മികച്ച കലാപ്രതിഭകള്‍ ഒരേ വേദിയില്‍ സംഗമിക്കുമ്പോള്‍, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി കലാമാമാങ്കങ്ങളിലൊന്നായി ഇത്തവണത്തെ ദേശീയ കലാമേള മാറുമെന്ന പ്രതീക്ഷയിലാണ് യുക്മ.

ഒക്ടോബര്‍ 3 ന് നാല് റീജിയണുകളില്‍ കലാമേള

സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ക്രോളിയിലെ Hazelwick School-ല്‍ നടക്കും. Crawley Malayalee Community ആതിഥേയത്വം വഹിക്കുന്ന കലാമേള Crawley MP Peter Lamb ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും. Cllr Michael Jones, Atif Nawaz, Cllr Neha Boghani എന്നിവരും അതിഥികളായി പങ്കെടുക്കും. റീജിയണല്‍ പ്രസിഡന്റ് ജിപ്‌സണ്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യുക്മ ദേശീയസമിതിയംഗം സുരേന്ദ്രന്‍ ആരക്കോട്ട്, റീജിയണല്‍ സെക്രട്ടറി സാംസണ്‍ പോള്‍, ട്രഷറര്‍ തേജു മാത്യൂസ്, കലാമേള കോര്‍ഡിനേറ്റര്‍ മെബി മാത്യു, മറ്റ് റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ മുതലായവര്‍ പങ്കെടുക്കും. സമാപനയോഗത്തില്‍ യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ മുഖ്യാതിഥിയായിരിക്കും.

ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള Rayleighയിലെ The Sweyne Park School-ല്‍ അരങ്ങേറും. ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം കലാമേള ഉദ്ഘാടനം ചെയ്യും. ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി മുഖ്യാതിഥിയാകും. റീജിയണല്‍ പ്രസിഡന്റ് ജോബിന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേശീയ സമിതിയംഗം ജയ്‌സണ്‍ ചാക്കോച്ചന്‍, സെക്രട്ടറി ഭുവനേഷ് പീതാംബരന്‍, ട്രഷറര്‍ ഷിന്റോ സ്‌കറിയ, കലാമേള കോര്‍ഡിനേറ്റര്‍ സുമേഷ് അരവിന്ദാക്ഷന്‍, മറ്റ് റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ മുതലായവര്‍ പങ്കെടുക്കും. 

സമാപന യോഗത്തില്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ മുഖ്യാതിഥിയാകും. കേരളത്തിന്റെ  തനത് കലാരൂപങ്ങളും സംഗീത-നൃത്ത-സാഹിത്യ മത്സരങ്ങളും നിറഞ്ഞ വേദിയിലൂടെ മേഖലയിലെ പ്രതിഭകള്‍ ദേശീയ കലാമേളയിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കും. 

അതേ ദിവസം യോര്‍ക്ഷയര്‍ & ഹംബര്‍ റീജിയണല്‍ കലാമേള Hull-ലെ St Mary's College-ല്‍ നടക്കും. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ കലാമേള ഉദ്ഘാടനം ചെയ്യും. യുക്മ വൈസ് പ്രസിഡന്റും ദേശീയ കലാമേള കോര്‍ഡിനേറ്ററുമായ വര്‍ഗ്ഗീസ് ഡാനിയല്‍ മുഖ്യാതിഥിയാകും. റീജിയണല്‍ പ്രസിഡന്റ് അമ്പിളി മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേശീയസമിതിയംഗം ജോസ് വര്‍ഗ്ഗീസ്, സെക്രട്ടറി അജു തോമസ്, ട്രഷറര്‍ ഡോ. ശീതള്‍ മാര്‍ക്ക്, കലാമേള കോര്‍ഡിനേറ്റര്‍ ആതിര മജ്‌നു, മറ്റ് റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

സമാപന സമ്മേളനത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും. മേഖലയിലെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരയ്ക്കും.

നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള Liverpool, West Derbyയിലെ Broughton Hall Catholic High School-ലാണ് നടക്കുന്നത്. യുക്മ ദേശീയ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് റീജിയണല്‍ കലാമേള ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ദേശീയസമിതിയംഗം ബിജു പീറ്റര്‍ മുഖ്യാതിഥിയാകും. റീജിയണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി സനോജ് വര്‍ഗ്ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, കലാമേള കോര്‍ഡിനേറ്റര്‍ രാജീവ് C. P, മറ്റ് റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ മുതലായവര്‍ പങ്കെടുക്കും. 

സമാപന സമ്മേളനത്തില്‍ യുക്മ ചാരിറ്റി വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗ്ഗീസ് മുഖ്യാതിഥിയാകും. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിലൂടെ നോര്‍ത്ത് വെസ്റ്റിലെ നൂറ് കണക്കിന് കലാപ്രതിഭകള്‍ ദേശീയ വേദിയിലേക്കുള്ള യോഗ്യതയ്ക്കായി മാറ്റുരയ്ക്കും.

ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമേളകള്‍ നടക്കുന്നത് ഈ വര്‍ഷത്തെ യുക്മ കലാമേള സീസണിന്റെ വ്യാപ്തിയും സമൂഹത്തില്‍ അതിനുള്ള സ്വീകാര്യതയും വ്യക്തമാക്കുന്നു. ശേഷിക്കുന്ന റീജിയണുകളിലെ കലാമേളകളും തുടര്‍ന്നുള്ള ആഴ്ചകളില്‍ നടക്കുന്നതോടെ ഒക്ടോബര്‍ മാസം യുകെ മലയാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ കലയുടെ ഉത്സവമാസമായി മാറും.

ആയിരത്തിലേറെ പ്രതിഭകള്‍ റീജിയണല്‍ വേദികളിലേക്ക്

മാസങ്ങളായി നിരന്തര പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ആയിരത്തിലേറെ കലാകാരന്മാരും കലാകാരികളും തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍, റീജിയണല്‍ കലാമേള വേദികളുടെ ഒരുക്കങ്ങളും അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാര്‍ത്ഥികള്‍ സംഗീതം, നൃത്തം, സാഹിത്യം, പ്രസംഗം തുടങ്ങി നിരവധി ഇനങ്ങളില്‍ പങ്കെടുക്കും.

മത്സരത്തിലെ വിജയത്തിനപ്പുറം, യുകെയില്‍ വളരുന്ന പുതിയ തലമുറയ്ക്ക് കേരളത്തിന്റെ ഭാഷയോടും കലകളോടും പാരമ്പര്യത്തോടും ആത്മബന്ധം വളര്‍ത്തുന്ന സാംസ്‌കാരിക വേദി കൂടിയാണ് യുക്മ കലാമേള. ബ്രിട്ടന്റെ ബഹുസാംസ്‌കാരിക സമൂഹത്തില്‍ മലയാളി സമൂഹത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം പരിചയപ്പെടുത്തുന്നതിനും മറ്റു സമൂഹങ്ങളുമായി കൂടുതല്‍ ശക്തമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത്തരം പരിപാടികള്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

അംഗ അസോസിയേഷനുകള്‍, റീജിയണല്‍ കമ്മിറ്റികള്‍, കലാകാരന്മാര്‍, പരിശീലകര്‍, മാതാപിതാക്കള്‍, വിധികര്‍ത്താക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് ആളുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഓരോ കലാമേളയുടെയും വിജയത്തിന് പിന്നില്‍.

ഇനി കണ്ണുകള്‍ ചെല്‍റ്റന്‍ഹാമിലേക്ക്

ഒക്ടോബറിലുടനീളം ഏഴ് റീജിയണുകളിലായി നടക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്ന പ്രതിഭകള്‍ ഒടുവില്‍ നവംബര്‍ 7ന് ചെല്‍റ്റന്‍ഹാമിലെ പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ മാറ്റുരയ്ക്കും.

 

റീജയണല്‍ വേദികളില്‍ നിന്ന് ദേശീയ വേദിയിലേക്കുള്ള ആ യാത്രയ്ക്ക് നാളെ തുടക്കമാകുകയാണ്. കേരളത്തിന്റെ കലയും സംസ്‌കാരവും പാരമ്പര്യവും ബ്രിട്ടീഷ് മണ്ണില്‍ പുതിയ തലമുറയിലൂടെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന യുക്മയുടെ മഹത്തായ സാംസ്‌കാരിക ദൗത്യത്തിന്റെ മറ്റൊരു അധ്യായത്തിനാണ് ഇതോടെ തിരിതെളിയുന്നത്.

ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 7 വരെ - ഇനി യുകെ മലയാളികള്‍ക്ക് കലാമേളക്കാലം.റീജിയണുകളില്‍ നിന്ന് ചെല്‍റ്റന്‍ഹാമിലേക്ക്... പ്രതിഭകളുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങുന്നു.

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.