
















ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 20 ഞായറാഴ്ച ന്യൂഷാം പാര്‍ക്കില്‍ സംഘടിപ്പിച്ച 'ലിമ പ്രീമിയര്‍ കപ്പ് 2026' ക്രിക്കറ്റ് ടൂര്‍ണമെന്റ് ശ്രദ്ധേയമായി.യുകെയിലെ ഏറ്റവും പ്രഗത്ഭരായ 11 കരുത്തുറ്റ ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ ടൂര്‍ണമെന്റില്‍ വൈറ്റ് വാക്കേഴ്സ് പ്രെസ്റ്റണ്‍ ജേതാക്കളായി. കലാശപ്പോരാട്ടത്തിനൊടുവില്‍ റേഞ്ചേഴ്സ് ലിവര്‍പൂള്‍ റണ്ണറപ്പ് ട്രോഫി സ്വന്തമാക്കി. മൂന്നാം സ്ഥാനം ഹോം 11നും നാലാം സ്ഥാനം വിസ്റ്റണ്‍ യൂണൈറ്റഡും കരസ്ഥമാക്കി.
രാവിലെ 8.30ന് ആരംഭിച്ച മത്സരങ്ങള്‍ കാണാന്‍ മേഴ്‌സിസൈഡിലെ നിരവധി കായികപ്രേമികളാണ് കുടുംബസമേതം ന്യൂഷാം പാര്‍ക്കില്‍ എത്തിചേര്‍ന്നത്. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ വിജയികള്‍ക്കുള്ള ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനിച്ചു.

. മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തിഗത താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. വിസ്റ്റണ്‍ യൂണൈറ്റഡിന്റെ സുനീത് 'ബെസ്റ്റ് ബാറ്റ്‌സ്മാന്‍', 'മോസ്റ്റ് വാല്യൂബിള്‍ പ്ലേയര്‍' എന്നീ ഇരട്ട പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. വൈറ്റ് വാക്കേഴ്‌സ് പ്രെസ്റ്റണിന്റെ ശരത് സതീഷാണ് ടൂര്‍ണമെന്റിലെ 'ബെസ്റ്റ് ബൗളര്‍'.

സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളും അന്നേ ദിവസം ലഭ്യമായിരുന്നു. ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ ബിനു വര്‍ക്കി, ബ്ലെസണ്‍ രാജന്‍ എന്നിവര്‍ക്കൊപ്പം ലിമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവുമാണ് ഈ കായികമേളയുടെ വിജയത്തിനു പിന്നില്‍.

കായികമേള വിജയകരമാക്കാന്‍ സഹകരിച്ച എല്ലാ ടീമുകള്‍ക്കും, കളിക്കാര്‍ക്കും, കാണികള്‍ക്കും, സ്പോണ്‍സര്‍മാര്‍ക്കും ലിമ കമ്മിറ്റി ഭാരവാഹികള്‍ നന്ദി അറിയിച്ചു.